തൃശൂർ ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ

0

തൃശൂർ: തൃശൂർ ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ. നിലവിൽ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കുറുമാലി പുഴയുടെ തീരത്തുള്ളവർ ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.

‘ചാലക്കുടി പുഴയിൽ വെള്ളം ഉയരും. പെരിങ്ങൽക്കുത്ത്‌ ഡാം തുറന്നതോടെ ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടർ. വേലിയേറ്റ സമയത്ത് കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പുഴക്കരയിൽ താമസിക്കുന്നവരെ എത്രയും വേഗം വീടുകളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാൻ കലക്ടർ നിർദ്ദേശം നൽകി.

പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാൽ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയർന്ന് ഒഴിപ്പിക്കൽ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

പറമ്പിക്കുളം, തൂണക്കടവ് ഡാമുകളിൽ നിന്ന് ഇന്ന് രാവിലെ മുതൽ പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവിൽ 13000 ക്യുസെക്സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെയാണ് പൊരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here