വിഷം ഉള്ളില്‍ചെന്ന്‌ അമ്മ മരിച്ച സംഭവത്തില്‍ മകളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു

0

വിഷം ഉള്ളില്‍ചെന്ന്‌ അമ്മ മരിച്ച സംഭവത്തില്‍ മകളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കീഴൂര്‍ കാക്കത്തുരുത്ത്‌ സ്വദേശി ചോഴിയാട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മണി(60)യാണ്‌ കഴിഞ്ഞ ദിവസം വിഷം അകത്തുചെന്ന നിലയില്‍ മരണമടഞ്ഞത്‌.
മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തിലാണ്‌ എലിവിഷം ഉള്ളില്‍ചെന്നാണ്‌ മരണമെന്നു കണ്ടെത്തിയത്‌. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയത്‌. ഭര്‍ത്താവ്‌ ചന്ദ്രന്‍ നല്‍കിയ സൂചനപ്രകാരം പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മൂത്ത മകള്‍ ഇന്ദുലേഖ(40)യെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. രുഗ്മണിക്കു രണ്ടു പെണ്‍മക്കളാണ്‌. മൂത്ത മകളും കുടുംബവും രുഗ്മണിയോടൊപ്പമാണ്‌ താമസം. ഗള്‍ഫിലുള്ള മകളുടെ ഭര്‍ത്താവ്‌ ഒരാഴ്‌ച മുമ്പാണ്‌ നാട്ടില്‍ വന്നത്‌. ചന്ദ്രന്‍ ബലൂണ്‍ കച്ചവടക്കാരനാണ്‌.
കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ അമ്മയെ വിഷം കൊടുത്തു കൊല്ലാന്‍ മകളെ പ്രേരിപ്പിച്ചതെന്നാണ്‌ പ്രാഥമിക സൂചന. മകളെ പോലീസ്‌ കൂടുതല്‍ ചോദ്യംചെയ്‌തുവരികയാണ്‌.

Leave a Reply