നേതൃനിരയിൽ തന്നെ ഉദ്വേഗം ഉയർത്തി സിപിഎം അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിളിച്ചു

0

നേതൃനിരയിൽ തന്നെ ഉദ്വേഗം ഉയർത്തി സിപിഎം അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിളിച്ചു. നാളെയും മറ്റന്നാളുമാണ് യോഗം. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും. ഇന്നലെയാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾക്കടക്കം അറിയിപ്പ് ലഭിച്ചത്. പലർക്കും തന്നെ അജൻഡ സംബന്ധിച്ച് വ്യക്തമായ രൂപമില്ല.

ലോകായുക്ത നിയമഭേദഗതി ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ദുർബലപ്പെടുത്തുകയാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ കൂടി നിർദേശപ്രകാരം അടിയന്തരമായി നേതൃയോഗം വിളിച്ചതാണെന്നാണ് വിവരം. നിയമസഭയിൽ ബിൽ അന്തിമമായി പാസാകുന്നതിനു മുൻപായി ഭേദഗതിക്ക് പാർട്ടിയുടെ പൊതുഅംഗീകാരം വാങ്ങുകയാണ് ഉചിതമെന്ന് നേതാക്കളിൽ ചിലർ പറഞ്ഞു.

ഗവർണറുമായുള്ള ഉരസൽ ശക്തി പ്രാപിക്കുന്ന അന്തരീക്ഷവും യോഗം വിളിച്ചതിനു പിന്നിലുണ്ട്. അനുനയം അസാധ്യമാക്കുന്ന തരത്തിലേക്ക് ഉരസൽ മാറുന്നതിനാൽ ഇനിയുള്ള നടപടികൾ കൂട്ടായി ആലോചിക്കാനാണു നീക്കം. നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ബിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ചയ്ക്കു വരും.

ഇക്കഴിഞ്ഞ 8 മുതൽ 12 വരെ 5 ദിവസത്തെ സെക്രട്ടേറിയറ്റ്, സംസ്ഥാനകമ്മിറ്റി യോഗങ്ങൾ രാഷ്ട്രീയ–ഭരണ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തതിനു തൊട്ടു പിന്നാലെ വീണ്ടും സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത് അഭ്യൂഹങ്ങൾക്കും കാരണമായി. സാധാരണ 3 മാസത്തിൽ ഒരിക്കലാണ് സംസ്ഥാന കമ്മിറ്റി ചേരാറുള്ളത്.

ചികിത്സയിൽ കഴിയുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആശുപത്രി വിട്ട് വീട്ടിലെത്തി. അതിനു ശേഷമാണ് യോഗം അറിയിപ്പ് നേതാക്കൾക്ക് ലഭിക്കുന്നത്. വിഷമതകൾ ഉണ്ടെങ്കിലും കോടിയേരി പങ്കെടുക്കുമെന്നാണ് വിവരം. ഞായറാഴ്ച രാവിലെ സെക്രട്ടേറിയറ്റും ഉച്ച മുതലും പിറ്റേന്നും സംസ്ഥാന കമ്മിറ്റിയും ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here