സംസ്ഥാന സർക്കാരിനും സിപിഎമ്മിനും പാർട്ടി നേതൃത്വത്തിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം

0

കൊല്ലം: സംസ്ഥാന സർക്കാരിനും സിപിഎമ്മിനും പാർട്ടി നേതൃത്വത്തിനും എതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം. സിപിഐയുടെ കൈവശമുണ്ടായിരുന്ന വകുപ്പുകൾ രണ്ടാം പിണറായി സർക്കാരിൽ സിപിഎം പിടിച്ചെടുത്തുവെന്ന് ഒരുവിഭാഗം പ്രതിനിധികൾ വിമർശിച്ചു. സിപിഐയുടെ വകുപ്പുകൾ എൽഡിഎഫിലെ ചെറിയ പാർട്ടികൾക്ക് നൽകി. പ്രധാനപ്പെട്ട വകുപ്പുകൾ ചോദിച്ച് വാങ്ങാനായില്ലെന്നും നേതൃത്വത്തെ വിമർശിച്ചുകൊണ്ട് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ഇനി ഇടതുമുന്നണിക്കു ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം നിശ്ചിതകാലത്തേക്കെങ്കിലും പാർട്ടി ആവശ്യപ്പെടണമെന്നും സിപിഐ ജില്ലാ സമ്മേളനത്തിൽ ആവശ്യമുയർന്നു. കഴിഞ്ഞ ദിവസം രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിലാണു പ്രതിനിധികൾ ഇങ്ങനെ ആവശ്യപ്പെട്ടത്.

ഗ്രാമബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ, സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ധാരണപ്രകാരം അധ്യക്ഷസ്ഥാനം സിപിഎമ്മുമായി സിപിഐ പങ്കിടാറുണ്ട്. സിപിഐയുടെ മുഖ്യമന്ത്രിയായിരുന്ന പി.കെ.വാസുദേവൻ നായർ രാജിവച്ചു രൂപീകരിച്ചതാണ് 1980ൽ ഇടതുമുന്നണി.

മുന്നണി ഉണ്ടാക്കുമ്പോൾ അതുവരെ മുഖ്യമന്ത്രിസ്ഥാനം സിപിഐക്കായിരുന്നു. അതുകൊണ്ട് ഇനി ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നു പാർട്ടി ആവശ്യപ്പെടണമെന്നും പ്രതിനിധി പറഞ്ഞു.

അടുത്ത ഇടത് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒന്നോ രണ്ടോ വർഷത്തേക്ക് എങ്കിലും മുഖ്യമന്ത്രി പദം വാങ്ങിയെടുക്കണമെന്ന ആവശ്യമാണ് കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികൾ ചർച്ചയിൽ ഉയർത്തിയത്. മറ്റു പല ജില്ലകളിലേതെന്ന പോലെ സിപിഎമ്മിനെതിരെ രൂക്ഷവിമർനമാണ് കൊല്ലത്തും ഉയർന്നത്.

മുന്നണിയിൽ സിപിഎം പുലർത്തുന്ന സമീപനത്തെ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട് രൂക്ഷമായി വിമർശിച്ചിരുന്നു. മുന്നണിമര്യാദകൾക്കപ്പുറം രാഷ്ട്രീയ യജമാനന്മാരായി മാറാൻ സിപിഎം ശ്രമിക്കരുതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു.

സിപിഐയെ മുഖ്യമന്ത്രി അവഗണിക്കുകയാണ്. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുന്നു. ഉദ്യോഗസ്ഥ നിയമനമടക്കം ചോദ്യം ചെയ്യുമ്പോൾ അവഗണിക്കുന്നുണ്ട്. ആദ്യമായി മന്ത്രിയായതുകൊണ്ടാണ് കാര്യങ്ങൾ അറിയാത്തത് എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചർച്ചയിൽ വിമർശനം ഉയർന്നു.

സിപിഐയുടെ പ്രവർത്തന റിപ്പോർട്ടിലും സിപിഎമ്മനെതിരെ വിമർശനം ഉണ്ടായിരുന്നു. സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുകയാണ്. ക്യാംപസുകളിൽ എഐഎസ്എഫ് പ്രവർത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മർദ്ദനം സഹിച്ചാണ്. ക്യാംപസുകളിൽ കെ എസ് യുവും എബിവിപിയും നേട്ടമുണ്ടാക്കിയാലും എഐഎസ്എഫ് നേട്ടമുണ്ടാക്കാൻ പാടില്ലെന്നാണ് എസ്എഫ്‌ഐ നിലപാട്. കൊല്ലത്ത് ബിജെപി വളർച്ചയുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ആർഎസ്‌പിക്കെതിരെയും എൻകെ പ്രമേചന്ദ്രൻ എംപിക്കെതിരെയും സിപിഐ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. കൊല്ലത്ത് സംഘടനാ സംവിധാനവും ജന സ്വാധീനവും നഷ്ടപ്പെട്ട പാർട്ടിയാണ് ആർഎസ്‌പിയെന്നാണ് വിമർശനം. എൽഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആർഎസ്‌പിയിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നു. എന്നാൽ യുഡിഎഫിൽ തന്നെ ആർ എസ് പി തുടരുന്നത് എൻ കെ പ്രേമചന്ദ്രന്റെ പിടിവാശി കാരണമാണെന്നാണ് റിപ്പോർട്ടിലെ പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here