പത്തടിപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് പലവട്ടം തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0

തൃശൂർ: ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപം നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് പലവട്ടം തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ- സീരിയൽ താരം അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിനുള്ളിലെ എയർബാഗ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചതുകൊണ്ടാണ് യാത്രക്കാർ രക്ഷപെട്ടതെന്നാണ് നിഗമനം.

മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വരികയായിരുന്ന കാർ റോഡിലെ കല്ലിൽ കയറി താഴേക്ക് മറിയുകയായിരുന്നു. കാർ പലതവണ കരണം മറിഞ്ഞ് ഒരു മരത്തിൽ തട്ടിനിന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ ഇവർ ഏറെ ബുദ്ധിമുട്ടി കൊക്കയിൽ നിന്ന് റോഡിലേക്ക് കയറുകയായിരുന്നു. തുടർന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിൽ കയറി മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരമറിയിച്ചു. വനപാലകർ ഇവർക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നൽകി തിരികെ പോകുന്നതിനായി ജീപ്പും സംഘടിപ്പിച്ചു നൽകി.

ആനമലറോഡിൽ അമ്പലപ്പാറ മുതൽ മലക്കപ്പാറ വരെ പണിക്കായി റോഡ് പൊളിച്ചിട്ടിരിക്കുന്നതിനാൽ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. കൊക്കയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് യാത്രക്കാർ പുറത്തിറങ്ങിയത്. റോഡിൽ ഈ സമയത്ത് തിരക്ക് കുറവായിരുന്നത് കാരണം കാർ അപകടത്തിൽപ്പെടുന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

റോഡിൽ നിന്ന് നോക്കിയാൽ കൊക്കയിലേക്ക് വീണ കാർ കാണാൻ കഴിയുന്ന അവസ്ഥയിലുമായിരുന്നില്ല. മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിലാണ് ഇവർ പിന്നീട് ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്.

Leave a Reply