‘വാഹൻ’ വെബ്സൈറ്റിൽ നുഴഞ്ഞു കയറി വ്യാജ വാഹന രേഖകൾ ഉണ്ടാക്കുന്ന സമാന്തര സോഫ്റ്റ‍്‍വെയർ വ്യാപകമെന്ന് സംശയം

0

കാക്കനാട്∙ വാഹന സംബന്ധമായ ആവശ്യങ്ങൾക്കായി രാജ്യ വ്യാപകമായി ഉപയോഗിക്കുന്ന ‘വാഹൻ’ വെബ്സൈറ്റിൽ നുഴഞ്ഞു കയറി വ്യാജ വാഹന രേഖകൾ ഉണ്ടാക്കുന്ന സമാന്തര സോഫ്റ്റ‍്‍വെയർ വ്യാപകമെന്ന് സംശയം.

ഇത്തരം സോഫ്റ്റ‍്‍വെയർ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നു ഹരിയാന സ്വദേശിനി കളമശേരിയിൽ നടത്തുന്ന പുക പരിശോധന കേന്ദ്രം അടച്ചു പൂട്ടി. വടക്കേ ഇന്ത്യൻ ലോബി രൂപം കൊടുത്ത സമാന്തര സോഫ്റ്റ‍്‍വെയർ രാജ്യത്തു പല ഭാഗങ്ങളിലും ഉപയോഗിക്കുന്നുണ്ടെന്ന സൂചന അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

ഗതാഗത കമ്മിഷണർ ഉൾപ്പെടെയുള്ളവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം സോഫ്റ്റ‍്‍‍വെയർ ഉപയോഗിച്ചുള്ള തട്ടിപ്പു കണ്ടെത്തുന്നത് ആദ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വാഹനം കാണുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് പുക പരിശോധന സർട്ടിഫിക്കറ്റ് അപ‍്‍ലോഡ് ചെയ്യുന്നത്. വാഹനത്തിന്റെ നമ്പർ ഉൾപ്പെടുന്ന ഭാഗം ഫോട്ടോയെടുത്ത് അയച്ചു കൊടുത്താൽ മതി. അപകടത്തിൽ തകർന്നു പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ബൈക്കിന്റെ നമ്പറിൽ മോട്ടർ വാഹന സ്ക്വാഡാണ് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി തട്ടിപ്പു കണ്ടെത്തിയത്.

നോർത്ത് കളമശേരിയിലെ പുക പരിശോധനാ കേന്ദ്രത്തിന്റെ പേരിൽ വെബ്സൈറ്റിൽ കാണുന്ന എല്ലാ വാഹന സർട്ടിഫിക്കറ്റിലും മലിനീകരണ തോത് അനുവദനീയ പരിധിയിലും അതിലും താഴെയുമാണ്. ഈ കേന്ദ്രത്തെ കുറിച്ചു നടത്തിയ അന്വേഷണത്തിൽ ഇവിടെ വാഹനം പരിശോധിക്കാതെയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന സംശയം ഉയർന്നു.

എറണാകുളം ആർടിഒ പി.എം.ഷെബീറിന്റെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ.രാജേഷ്, അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ഭാഗം ഫോട്ടോയെടുത്ത് അതുമായി ഒരാളെ പുക പരിശോധന കേന്ദ്രത്തിലേക്ക് അയയ്ക്കുകയായിരുന്നു. നിയന്ത്രിത അളവിലാണ് ഈ വാഹനത്തിലെ പുകയെന്ന സർട്ടിഫിക്കറ്റ് മിനിറ്റുകൾക്കകം വാഹൻ സൈറ്റിൽ അപ‍്‍ലോഡായി.

സമീപത്തു കാത്തു കിടന്നിരുന്ന മോട്ടർ വാഹന വകുപ്പ് സ്ക്വാഡ് ഉടൻ പുക പരിശോധന കേന്ദ്രത്തിലെത്തി കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here