സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടുളള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍

0

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടുളള കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ചു കൊണ്ടോ ഉത്തരവ് നല്‍കുവാന്‍ കോടതികള്‍ക്ക് അധികാരം ഉണ്ട്. പക്ഷേ, ലൈംഗിക പീഡനക്കേസുകളില്‍ അതിജീവിതയുടെ മേല്‍വിലാസം അടക്കമുള്ളവ വെളിപ്പെടുത്താനോ, ആക്ഷേപകരമായി പരാമര്‍ശിക്കാനോ ഈ അധികാരം വിനിയോഗിക്കപ്പെടുന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്ന് ലോയേഴ്‌സ് യൂണിയന്‍ വ്യക്തമാക്കി.
പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 354 എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.

പരാതിക്കാരിയുടെ ഏതോ ഫോട്ടോ വച്ച് അതിജീവിതയെ സ്വഭാവഹത്യ നടത്തും വിധം ഉള്ള പരാമര്‍ശങ്ങള്‍ ഒരു കോടതി ഉത്തരവില്‍ ഇടം പിടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന വസ്ത്രധാരണ രീതി കുറ്റ കൃത്യത്തിനുള്ള പ്രകോപനവും ന്യായീകരണവുമല്ല. വസ്ത്രധാരണ രീതി പ്രതിക്ക് പ്രകോപനപരമായി എന്ന് കോടതിക്ക് അഭിപ്രായം ഉണ്ടെങ്കില്‍ അത്തരമൊരു പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് എങ്ങിനെയാണെന്നും ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി.പ്രമോദ് ചോദിച്ചു.

മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വേളയില്‍ തന്നെ കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കി ഉത്തരവ് നല്‍കുന്നത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ജാമ്യം നല്‍കിയത് നിയമപരമല്ല. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരവും ലൈംഗികാതിക്രമ ആരോപണങ്ങളും ഉള്ള കേസുകളില്‍ ലാഘവ ബുദ്ധിയോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടിക്ക് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ഇക്കാര്യം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു.

Leave a Reply