ജെറുസലേമിൽ ഭീകരാക്രമണം; രാജ്യമാകെ ജാ​ഗ്രതയിൽ

0

ജറുസലേം: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ അക്രമികളുടെ വിളയാട്ടം. തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ ഏഴ് പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം 01:24 ന് ചരിത്രപ്രസിദ്ധമായ വെസ്റ്റേൺ വാളിന് സമീപമുള്ള കാർ പാർക്കിംഗിലും ഒരു ബസിന് നേരെയും അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ഗുരുതരാവസ്ഥയിലായ രണ്ട് പേർ ഉൾപ്പെടെ നിരവധി പേർക്ക് ചികിത്സ നൽകുന്നുണ്ടെന്ന് ആംബുലൻസ് സർവീസ്, മാഗൻ ഡേവിഡ് അഡോം (എംഡിഎ) പറഞ്ഞു. ഇരകളായ ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയും ജറുസലേമിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി എംഡിഎ കൂട്ടിച്ചേർത്തു. അക്രമി സംഘത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നിരുന്നാലും രണ്ട് പ്രതികളെയെങ്കിലും പോലീസ് തിരയുന്നതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി പോലീസ് വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ സംഭവസ്ഥലത്ത് നിരവധി സായുധരായ പോലീസിനെ കാണിക്കുന്നു. കൂടാതെ വെസ്റ്റേൺ വാൾ കോമ്പൗണ്ടിൽ നിന്ന് ആരാധകർ പുറത്തിറങ്ങുന്നത് തടഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥർ പ്രദേശം സുരക്ഷിതമാക്കാനും കേസ് അന്വേഷിക്കാനും ഓടിപ്പോയ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വക്താവ് പറഞ്ഞു.

യഹൂദമതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിൽ ഒന്നാണ് വെസ്റ്റേൺ വാൾ. ആയിരക്കണക്കിന് ആരാധകർ എല്ലാ വർഷവും ഈ സ്ഥലത്തേക്ക് പ്രാർത്ഥിക്കുന്നതിനായി തീർത്ഥാടനം നടത്തുന്നു. ഗാസ മുനമ്പിൽ പലസ്തീൻ പോരാളികളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ആക്രമണം. ഈജിപ്തിന്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ മൂന്ന് ദിവസത്തെ തീവ്രമായ അക്രമത്തിന് വിരാമമിട്ടു.

നിലവിൽ ലോകത്തിലെ ഏക ജൂത രാജ്യമാണ് ഇസ്രായേൽ. അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ജൂതന്മാരും അറബികളും ഈ ഭൂമിയിലുള്ള തങ്ങളുടെ അവകാശങ്ങൾക്ക് ഒന്നോ രണ്ടോ ആയിരം വർഷങ്ങളുടെ ചരിത്രം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇപ്പോഴത്തെ സംഘർഷങ്ങൾ ആരംഭിക്കുന്നത്. യൂറോപ്പിൽ നിന്നും പലായനം ചെയ്ത ജൂതന്മാർ, അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന അറബ്-മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് ഒരു ദേശീയ മാതൃരാജ്യം സ്ഥാപിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്ന് കരുതുന്ന അറബികൾ അവരുടെ നീക്കത്തെ ചെറുത്തു.
ഈ ഭൂഗോളത്തിൽ ജൂതമതത്തിന്റേതായി ഒരു ശാദ്വലഭൂമിയെന്ന ആഗ്രഹത്തിൽനിന്നും പിന്മാറാൻ അവർ തയ്യാറായിരുന്നില്ല. വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം ‘സയണിസം’ എന്ന് വിളിച്ചു. ജെറുസലേം എന്നർത്ഥം വരുന്ന ‘സിയോൺ’ എന്ന ഹീബ്രു പദത്തിൽ നിന്നുമാണ് സയണിസം എന്ന പദം ഉത്ഭവിച്ചത്. ഈ ‘ദേശീയ’ വികാരത്തോട് മതപരമായ ഭാവം പിൽക്കാലത്താണ് കൂട്ടിച്ചേർക്കപ്പെട്ടത്. അത് മതഗ്രന്ഥത്തിൽ പരാമർശിച്ചിരുന്ന ഒരു പുണ്യഭൂമിയുടെ രൂപത്തിലാണ് കടന്നുവന്നത്. ജറുസലേം.

ജറുസലേം നഗരത്തിലെ ടെംപിൾ മൗണ്ടിനു മുകളിലുള്ള ‘അൽ അക്സ’ പള്ളി മുസ്ലീങ്ങളുടെ വിശുദ്ധ മോസ്കുകളിൽ മൂന്നാമത്തേതാണ്. ഇതേ മലമുകളിൽ തന്നെയുള്ള ‘വെസ്റ്റേൺ വാൾ’ ജൂതർക്ക് ഏറെ മതപ്രാധാന്യമുള്ള പുണ്യസ്ഥലമാണ്. 1947 -ൽ ജറുസലേമിൽ പാർത്തിരുന്ന പലസ്തീൻ പൗരന്മാരെ ഇസ്രായേലിലേക്ക് അധിനിവേശം നടത്തിയ ജൂതന്മാർ ബലം പ്രയോഗിച്ച് കുടിയിറക്കി. ആ അധിനിവേശം നയിച്ചത് ഇരുപക്ഷവും തമ്മിലുള്ള യുദ്ധത്തിലാണ്. പലസ്തീൻ ജനതയ്ക്ക് ഭൂരിപക്ഷമുള്ള ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും നിയന്ത്രണം ഇസ്രായേലിന് ലഭിച്ച 1967ലെ യുദ്ധത്തിന് ഇന്നത്തെ സംഘർഷങ്ങളിൽ വലിയ പങ്കുണ്ട്. യുദ്ധം തുടങ്ങി അധികം വൈകാതെ മറ്റുരാജ്യങ്ങൾ ഇടപെട്ടു സമാധാനമുണ്ടാക്കി. പക്ഷേ, ഇസ്രായേൽ കയ്യേറിയതൊക്കെ ഇസ്രായേലിന്റെ കയ്യിൽ തന്നെ ഇരുന്നു.
അന്നുതൊട്ടിന്നുവരെ ഇസ്രായേലും പലസ്തീനും തമ്മിൽ ഒളിഞ്ഞും മറഞ്ഞുമുള്ള യുദ്ധങ്ങളാണ്. ഇസ്രായേൽ അന്നോളം നടത്തിയത് തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാനുള്ള യുദ്ധങ്ങളാണ്. എന്നാൽ, പലസ്തീൻ അതിനുശേഷം ഇന്നുവരെ നടത്തിപ്പോന്നിട്ടുള്ളത് തങ്ങളുടെ നഷ്ടപ്പെട്ടുപോയ അസ്തിത്വത്തിനുവേണ്ടിയുള്ള, അവകാശങ്ങൾക്കു വേണ്ടിയുള്ള ജന്മഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാണ്.

Leave a Reply