കണ്ണൂർ സർവകലാശാലയിലെ മൂന്ന് പ്രധാന തസ്തികകളിലെ താത്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നു

0

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മൂന്ന് പ്രധാന തസ്തികകളിലെ താത്കാലിക ചുമതലയുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നു. രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഇതിനായി സർവകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു.

നിലവിൽ സർവകലാശാലയിലെ ഈ മൂന്ന് ഉയർന്ന തസ്തികകളിൽ സ്ഥിരം ഉദ്യോഗസ്ഥരില്ല. പരീക്ഷാ കൺട്രോളറുടെ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ വന്ന ഉദ്യോഗസ്ഥൻ തിരികെപോയതിനുശേഷം സ്ഥിരം നിയമനം ഉണ്ടായിട്ടില്ല. ഡോ. പി.ജെ. വിൻസെന്റ് ഡെപ്യൂട്ടേഷൻ മതിയാക്കി തിരിച്ചുപോയപ്പോൾ ഇ.വി.പി. മുഹമ്മദിന് അധികച്ചുമതല നൽകി.

അദ്ദേഹം വിരമിച്ചപ്പോൾ സ്ഥിരം നിയമനം നടത്തിയില്ല. നിലവിൽ ജോയിന്റ് രജിസ്ട്രാർ ബി.സി. ജയരാജനാണ് അധികച്ചുമതല. സർവകലാശാലയിൽ നാല് പരീക്ഷകളിൽ മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച വിവാദത്തിന് പിന്നാലെയായിരുന്നു ഡോ. വിൻസെന്റ് കൺട്രോളർ സ്ഥാനം ഒഴിഞ്ഞത്.

രജിസ്ട്രാറുടെ ചുമതല ഇപ്പോൾ പ്രൊഫ. ജോബി കെ. ജോസിനാണ്. ഫിനാൻസ് ഓഫീസറായി ജോയിന്റ് രജിസ്ട്രാർ പി. ശിവപ്പുവിനാണ് അധികച്ചുമതല നൽകിയത്. മൂന്ന് തസ്തികയിലേയും ഇൻ ചാർജുമാരെ മാറ്റാനാണ് തീരുമാനം.

മൂന്ന് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here