അംഗൻവാടിയിലെ സ്ഥലംമാറ്റത്തിന്റെ പേരിൽ തമ്മിൽ കലഹിച്ച് അദ്ധ്യാപികമാർ

0

അംഗൻവാടിയിലെ സ്ഥലംമാറ്റത്തിന്റെ പേരിൽ തമ്മിൽ കലഹിച്ച് അദ്ധ്യാപികമാർ. രണ്ട് അദ്ധ്യാപികമാർ ഒരംഗൻ വാടിയിൽ എത്താൻ തുടങ്ങിയതോടെ ഒരാൾ അകത്തിരിക്കും. മറ്റേയാൾ കസേരയിട്ട് പുറത്തും. ചാലിയാർ പഞ്ചായത്തിലെ ആറങ്കോട് അങ്കണവാടിയിലാണ് സംഭവം. 9 വർഷമായി സേവനം ചെയ്യുന്ന വി.പി.സഫിയത്ത് ആണ് നിലവിലെ അദ്ധ്യാപിക. മൈലാടി അങ്കണവാടിയിലെ ലൈസമ്മ മാത്യുവിനെ ആറങ്കോട്ടേക്ക് മാറ്റിയതാണ് പ്രശ്‌നത്തിന്റെ തുടക്കം.

ലൈസമ്മ ചുമതലയേൽക്കാൻ 12ന് ആറങ്കോട് എത്തിയപ്പോഴാണ് വിവരം അറിയുന്നതെന്ന് സഫിയത്ത് പറയുന്നു. തനിക്ക് ഉത്തരവ് കിട്ടിയില്ലെന്ന കാരണം പറഞ്ഞ് സഫിയത്ത് ചുമതല കൈമാറാൻ തയ്യാറാവാതെ വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ലെസമ്മയെ അങ്കണവാടിയിൽ കടക്കാൻ അനുവദിച്ചില്ല. ലൈസമ്മ ദിവസവും 9.30 ന് അങ്കണവാടിയിലെത്തും. 3.30 വരെ വരാന്തയിലിരിക്കും. സഫിയത്ത് വാതിൽ അടച്ച് മുറിക്കകത്ത് കുട്ടികളെ പഠിപ്പിക്കും.

ആറങ്കോട് അങ്കണവാടിയിൽ ഇപ്പോൾ 9 കുട്ടികളുണ്ട്. സുരക്ഷിതമല്ലാത്ത വാടക കെട്ടിടത്തിലാണ് ഏറെക്കാലം പ്രവർത്തിച്ചത്. മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാൻ ഐസിഡിഎസ് അധികൃതർ നിർദ്ദേശിച്ചെങ്കിലും നടപ്പായില്ല. ഒടുവിൽ കഴിഞ്ഞ 11ന് മാറ്റി. പിറ്റേന്നാണ് പ്രശ്‌നം ഉടലെടുത്തത്.

മൈലാടി അങ്കണവാടിയിൽ ലൈസമ്മ 16 വർഷമായി സേവനം ചെയ്യുന്നു. 17 കുട്ടികളുണ്ട്. അദ്ധ്യാപികയെ മാറ്റിയതോടെ ഹെൽപ്പർ മാത്രമായി. കുട്ടികളുടെ പഠനം മുടങ്ങി. കുന്നത്തുചാൽ സ്വദേശിനിയായ തനിക്ക് നാട്ടിൽ മൈലാടി അങ്കണവാടിയിൽ സേവനം ചെയ്യുന്നതാണ് സൗകര്യപ്രദമെന്ന് ലൈസമ്മ പറയുന്നു. എളമ്പിലാക്കോട് സ്വദേശിനിയായ സഫിയത്തിന് ആറങ്കോട് മതി.

യഥാസമയം പകരം കെട്ടിടം കണ്ടെത്തുന്നതിൽ സഫിയത്ത് വീഴ്ച വരുത്തിയെന്ന് ഐസിഡിഎസ് അധികൃതർ പറഞ്ഞു. അനുമതിയില്ലാതെ ദിവസങ്ങളോളം അങ്കണവാടി അടച്ചിട്ടു. സഫിയത്തിനെ മൈലാടിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് നേരിട്ട് നൽകിയതാണെന്നും കൈപ്പറ്റാൻ വിസമ്മതിച്ചെന്നും അധികൃതർ വിശദീകരിച്ചു.

അതേസമയം ആറങ്കോട് രണ്ടു പേരിൽ ആരെ നിയമിച്ചാലും മുന്നോട്ടു പോക്ക് അത്ര സുഖകരമല്ല. കെട്ടിടത്തിന് മാസ വാടക 3500 രൂപയാണ്. 1000 രൂപ ഐസിഡിഎസ് നൽകും. ബാക്കി 2500 രൂപ 11,500 രൂപ മാസ വേതനമുള്ള അദ്ധ്യാപിക കണ്ടെത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here