വനത്തിനുള്ളിൽ ഉരുൾപ്പൊട്ടലെന്ന് സംശയം; കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ; മഴ ശക്തമായി തുടരുന്നു

0

കണ്ണൂർ: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുന്നു. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം.

മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചതെന്നതിനാൽ പ്രദേശവാസികൾ ജാഗ്രതയിലാണ്. മലവെള്ളപ്പാച്ചിൽ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുൾപൊട്ടിയതായും സംശയമുയർന്നിട്ടുണ്ട്.

പാനോം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വാണിമേൽ പുഴയിൽ മലവെള്ള പാച്ചിൽ ശക്തമാണ്. വിലങ്ങാട് ടൗണിൽ പലയിടത്തും വെള്ളം കയറി.

അതേസമയം കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ പത്തുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here