തെരുവുനായ്ക്കളുടെ വന്ധ്യംകരണം വൈകും

0

തെരുവുനായ്ക്കളുടെ വന്ധ്യംകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതിയായ എ.ബി.സി പദ്ധതി (അനിമൽ ബെർത്ത് കൺട്രോൾ) കർശനമാക്കാൻ നിർദ്ദേശമുണ്ടായിട്ടും തദ്ദേശസ്ഥാപനങ്ങളിൽ ശസ്ത്രക്രിയ ഉൾപ്പെടെ സൗകര്യങ്ങൾക്കായി പ്രത്യേക സെന്ററുകൾ ക്രമീകരിക്കാൻ സാവകാശം വേണ്ടതിനാൽ കാലതാമസമെടുക്കുമെന്ന്‌ സൂചന. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പദ്ധതി ഊർജിതമാക്കാൻ മുഖ്യ നിർവഹണ ഏജൻസിയായ ജില്ലാ പഞ്ചായത്തുകൾക്ക് വീകേന്ദ്രീകൃതാസൂത്രണ കോ- ഓർഡിനേഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്. എന്നാൽ, പുതിയ സെന്ററുകൾക്ക് സ്ഥലം കണ്ടെത്താനും നിലവിലുള്ളവ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആധുനികവത്കരിക്കാനും സമയമെടുക്കുമെന്നാണ് നിലവിൽ ലഭ്യമായ വിവരം.

ജില്ലാ മൃഗസംരക്ഷണ കേന്ദ്രങ്ങളും തദ്ദേശസ്ഥാപനങ്ങളും ചർച്ച നടത്തി പദ്ധതി നിർവഹണ കാര്യത്തിൽ തീരുമാനമെടുക്കുകയാണ് ആദ്യഘട്ടം. തുടർന്ന് ശസ്ത്രക്രിയ ഉൾപ്പെടെ ചെയ്യാൻ സൗകര്യമുള്ള സെന്ററുകളുടെ ലഭ്യത പരിശോധിക്കും. ഇല്ലാത്തവയുടേയും ഉള്ളവയുടെയും കണക്കെടുക്കും. സൗകര്യങ്ങൾ ഒരുക്കുന്നതിനും പുതിയവ തുടങ്ങുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കും. അതിനുള്ള ഫണ്ടും കണ്ടെത്തണം. 31ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ജില്ലാ കേന്ദ്രങ്ങളുമായി പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തും.

തെരുവുനായ്ക്കളെ പിടിച്ച് പ്രത്യേക കേന്ദ്രങ്ങളിലെത്തിച്ച് വന്ധ്യംകരണം നടത്തുന്നതുൾപ്പെടെയുള്ള ചുമതല നൽകിയിരുന്ന കുടുംബശ്രീക്ക് അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം നഷ്ടപ്പെട്ടതും വെല്ലുവിളിയാണ്. പ്രത്യേക സെന്ററുകളുടെ ഉൾപ്പെടെ കുറവാണ് തിരിച്ചടിയായത്. നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരം കോവളത്തെ സ്ട്രീറ്റ് ഡോഗ് വാച്ച് എന്ന സംഘടനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here