ക്രിക്കറ്റിലെ ഏറ്റവും മികച്ച അംപയർമാരിലൊരാളായി വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു

0

കേപ്ടൗൺ: ക്രിക്കറ്റിലെ ഏറ്റവും മികച്ച അംപയർമാരിലൊരാളായി വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ റൂഡി കോർട്സൺ കാറപകടത്തിൽ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്ഡേലിൽ വച്ചാണ് അപകടമുണ്ടായത്. കേപ്ടൗണിൽ ഗോൾഫ് മത്സരങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് 73കാരനായ റൂഡി കോർട്സൺ അപകടത്തിൽ പെടുന്നത്. അദ്ദേഹത്തൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ടുകൾ.

കോർട്സൺ 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും അംപയറായിട്ടുണ്ട്. കോർട്സന്റെ മകനായ റൂഡി കോർട്സൺ ജൂനിയറാണ് അച്ഛന്റെ വിയോഗം ലോകത്തിനെ അറിയിച്ചത്. കേപ്ടൗണിൽ നിന്ന് നെൽസൺ മണ്ടേല ബേയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്.

‘ അദ്ദേഹം ഒരു സുഹൃത്തിനൊപ്പം ഗോൾഫ് കളിക്കാനായി കേപ്ടൗണിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച മടങ്ങിവരുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് ഒരു ദിവസം കൂടി തങ്ങാൻ തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങിവരുന്ന വഴിക്കാണ് അപകടമുണ്ടായത്’- കോർട്സൺ ജൂനിയർ ദക്ഷിണാഫ്രിക്കയിലെ അൽഗോവ എഫ്.എം ന്യൂസിനോട് പറഞ്ഞു.

100 ടെസ്റ്റുകൾ പൂർത്തിയാക്കിയ അപൂർവം ചില അംപയർമാരിൽ ഒരാളാണ് കോർട്സൺ. 108 ടെസ്റ്റുകൾക്കൊപ്പം 209 ഏകദിനങ്ങളും അദ്ദേഹം നിയന്ത്രിച്ചു. 14 ട്വന്റി 20 മത്സരങ്ങളിലും അദ്ദേഹം അംപയറായി. അടുത്തകാലം വരെ ഏറ്റവും കൂടുതൽ ഏകദിനങ്ങൾ നിയന്ത്രിച്ച അംപയറും കോർട്സണായിരുന്നു. പിന്നീട് അലീം ദാർ കോർട്സണെ മറികടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here