സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം

0

കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് ആറ് മരണം. ഇതോടെ ആകെ മരണം 12 ആയി. കണ്ണൂർ നെടുംപുറംചാലിൽ ഉരുൾപൊട്ടലിൽ കാണാതായ ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടര വയസ്സുകാരി നുമ തസ്ലിനും വെള്ളറ കോളനിയിലെ രാജേഷുമാണ് മരിച്ച മറ്റ് രണ്ടുപേർ.

ഇന്നലെയാണ് ഉരുൾപൊട്ടലിൽ വെള്ളറയിൽ മണ്ണാലി ചന്ദ്രനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീട് പൂർണമായി തകർന്നിരുന്നു. ഇന്ന് പകൽ മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.
നെടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകളാണ് മരിച്ച രണ്ടരവയസ്സുകാരി നുമ തസ്ലിൻ. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോകുകയായിരുന്നു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.

കോട്ടയം കൂട്ടിക്കലിൽ സ്വദേശി റിയാസാണ് മരിച്ച മറ്റൊരാൾ. പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ റിയാസിന്റെ(47) മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കിട്ടിയത്. ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് സമീപത്ത് നിന്ന് നൂറു മീറ്റർ മാറിയുള്ള സ്ഥലത്ത് ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒഴുകി വരുന്ന സാധനങ്ങൾ പിടിക്കാനായാണ് റിയാസും സുഹൃത്തുക്കളും വെള്ളത്തിലിറങ്ങിയത്. നീന്തൽ അറിയാമായിരുന്നെങ്കിലും കൈ തളർന്നുപോയതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ടുപോയതാവാമെന്നാണ് കരുതുന്നത്. കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിജയകരമായില്ല.

കോതമംഗലം കുട്ടംപുഴയിൽ വനത്തിനുള്ളിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാട്ടിൽ പശുവിനെ മേയ്ക്കാൻ കൊണ്ടുപോയ കർഷകൻ പൗലോസിന്റെ മൃതദേഹമാണ് ഇന്ന് തിരച്ചിലിൽ കണ്ടെത്തിയത്. മരത്തിന്റെ ചില്ല തലയിൽ വീണാണ് പൗലോസ് മരിച്ചത് എന്നാണ് വിവരം.

Leave a Reply