പ്രതിപക്ഷ ഐക്യമില്ലായ്മക്കെതിരെ വിമർശനം ഉയർത്തി ശിവസേനയുടെ മുഖപത്രമായ സാമന

0

മുംബൈ: പ്രതിപക്ഷ ഐക്യമില്ലായ്മക്കെതിരെ വിമർശനം ഉയർത്തി ശിവസേനയുടെ മുഖപത്രമായ സാമന. സാമനയുടെ എഡിറ്റോറിയലിലാണ് എൻസിപിക്കും ടിഎംസിക്കും വിമർശനം ഉന്നയിച്ചിരിക്കുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, അവശ്യവസ്തുക്കളുടെ ജി.എസ്.ടി വർധന എന്നിവയ്‌ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനാണ് എൻസിപിക്ക് വിമർശനം.

ഇ.ഡി, സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ജനാധിപത്യത്തിന് ആശങ്കയാണെന്നായിരുന്നു എഡ്റ്റോറിയലിൽ പരാമർശിക്കുന്നു. പത്ര ചൗൾ കുംഭകോണ കേസിൽ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാമ്നയുടെ എഡിറ്ററായി ഉദ്ധവ് താക്കറെ ചുമതലയേറ്റത്. റാവത്തായിരുന്നു മുൻ എഡിറ്റർ.

പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും സാമ്ന അഭിനന്ദിച്ചു. സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടിയിൽ ശിവസേനയ്ക്ക് കടുത്ത എതിർപ്പുണ്ടെന്നും എഡിറ്റോറിയൽ പറയുന്നു. ‘രാജ്യത്ത് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇത് ശരിക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ആശങ്കയാണ്. ഇ.ഡിയെ ഉപയോഗിച്ച് മഹാരാഷ്ട്രയിലെ സർക്കാരിനെ അവർ താഴെയിറക്കി. എന്നിട്ട് പുതിയ സർക്കാരിനെ കൊണ്ടുവന്നു. ഇതേപോലെ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പോലും കേന്ദ്രം പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ്,’ എഡിറ്റോറിയലിൽ പരാമർശിക്കുന്നു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിക്കെതിരേയും എഡിറ്റോറിയലിൽ വിമർശനമുണ്ട്. ‘ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തൃണമൂൽ എംപിമാർ വോട്ട് ചെയ്തില്ല എന്നത് കാര്യമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. ബംഗാളിൽ ഇ.ഡിയുടെയും സിബിഐയുടേയും കീഴിലുള്ള രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നുണ്ട്. രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും വരെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിട്ടു. എന്നിട്ടും അവർ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്,’ സാമ്നയുടെ എഡിറ്റോറിയലിൽ പരാമർശിക്കുന്നു.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നും ബിജെപിയെ പുറത്താക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും എഡിറ്റോറിയലിൽ കൂട്ടിച്ചേർക്കുന്നു.
‘പ്രതിപക്ഷത്തിന്റെ തകർച്ചയിലാണ് ബിജെപിയുടെ വിജയം. ഇത് മറ്റ് എതിരാളികൾക്ക് ഒരു പാഠമാണ്. യഥാർത്ഥത്തിൽ ഭയമില്ലാത്തവനാണെങ്കിൽ അവർ ഈ പാഠം ഉൾക്കൊള്ളണം,’ സാമ്ന പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here