ന്യൂനപക്ഷമാണ് ഹിന്ദുക്കളെന്ന് ചിന്തിക്കരുതെന്ന് ഷെയ്ഖ് ഹസീന; എല്ലാ മതവിഭാഗങ്ങൾക്കും തുല്യാവകാശമുണ്ടെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി

0

ധാക്ക: രാജ്യത്തെ ന്യൂനപക്ഷമാണ് ഹിന്ദുക്കളെന്ന് ചിന്തിക്കരുതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് ധാക്കയിലെ ധാകേശ്വരി മന്ദിറിൽ നടന്ന പരിപാടിയിൽ വിർച്വലായി പങ്കെടുക്കവെയാണ് ബം​ഗ്ലാദേശിലെ ഹിന്ദു സമൂഹത്തോട് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശിൽ എല്ലാ മതവിഭാഗങ്ങൾക്കും തുല്യാവകാശമുണ്ടെന്നും ഷെയ്ഖ് ഹസീന വ്യക്തമാക്കി.

എനിക്കുള്ള അതേ അവകാശങ്ങൾ നിങ്ങൾക്കുമുണ്ടെന്നും ഹിന്ദു സമുദായത്തിന് കൃഷ്ണ ജന്മാഷ്ടമി ആശംസകൾ നേരുന്നതിനിടെ പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ മതത്തിൽപ്പെട്ടവരും തുല്യാവകാശത്തോടെ ജീവിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ബം​ഗ്ലാദേശിലെ പൗരനാണെങ്കിൽ, ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും തുല്യ അവകാശമുണ്ട്.

ദയവായി നിങ്ങളെത്തന്നെ ദുർബലപ്പെടുത്തരുത്. എല്ലാ ആളുകൾക്കും ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയുമെങ്കിൽ ഒരു ശക്തിക്കും രാജ്യത്തിന്റെ മതസൗഹാർദം തകർക്കാൻ കഴിയില്ല. പരസ്പര വിശ്വാസവും ഐക്യവും നിലനിർത്താൻ എല്ലാ വിഭാ​ഗങ്ങളിൽ നിന്നും സഹായം അഭ്യർഥിക്കുകയാണ്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ വളരെ മോശമായ അവസ്ഥയിലാണെന്ന ചിലരുടെ ആരോപണം ശരിയല്ല. ഹിന്ദുക്കൾക്ക് ഈ രാജ്യത്ത് അവകാശമില്ല എന്ന തരത്തിൽ സ്വദേശത്തും വിദേശത്തും വൻതോതിൽ പ്രചരിപ്പിക്കപ്പെടുന്നതിൽ ഖേദമുണ്ട്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിനെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

ഹിന്ദുക്കൾക്ക് ഇവിടെ അവകാശമില്ല എന്ന തരത്തിലാണ് ചിലർ ചിത്രീകരിക്കുന്നത്. സർക്കാരിന്റെ നടപടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ പൊലീസ് നടത്തിയ വെടിവയ്പിൽ നിരവധി മുസ്ലീങ്ങൾ കൊല്ലപ്പെട്ടു. ഇത്തരമൊരു സംഭവമാണ് രാജ്യത്ത് നടന്നത്. ധാക്കയിലെ പൂജാ മണ്ഡപങ്ങളുടെ എണ്ണം പശ്ചിമ ബംഗാളിലെയോ കൊൽക്കത്തയിലെയോ എണ്ണത്തേക്കാൾ കൂടുതലാണെന്നും ബംഗ്ലാദേശിലുടനീളം ദുർഗാപൂജ വൻതോതിൽ ആഘോഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply