രണ്ടാം ദിവസവും സര്‍വീസുകള്‍ കെ.എസ്‌.ആര്‍.ടി.സി. കൂട്ടത്തോടെ വെട്ടിക്കുറച്ചതോടെ ബസ്‌ കിട്ടാതെ ജനം റോഡില്‍ നരകിച്ചു

0

ഡീസല്‍ പ്രതിസന്ധിയുടെ പേരു പറഞ്ഞ്‌ തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ കെ.എസ്‌.ആര്‍.ടി.സി. കൂട്ടത്തോടെ വെട്ടിക്കുറച്ചതോടെ ബസ്‌ കിട്ടാതെ ജനം റോഡില്‍ നരകിച്ചു.
കിലോമീറ്ററിന്‌ 35 രൂപയില്‍ കുറവ്‌ വരുമാനമുള്ള ഓര്‍ഡിനറി ബസുകളാണ്‌ വെട്ടിക്കുറക്കുക എന്ന്‌ പറഞ്ഞിരുന്നെങ്കിലും ദീര്‍ഘദൂര ബസുകളും വ്യാപകമായി വെട്ടിക്കുറച്ചതോടെ അവധിദിവസമായ ഇന്നലെ യാത്രക്കാര്‍ പെരുവഴിയില്‍ വലഞ്ഞു. പ്രതിസന്ധി തുടരുന്നതിനാല്‍ ഇന്നും അപ്രഖ്യാപിത വെട്ടിക്കുറയ്‌ക്കല്‍ തുടരും.
ഡീസല്‍ വാങ്ങാന്‍ പണമില്ലാതെ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടി വന്നപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ്‌ 20 കോടി രൂപ നല്‍കാമെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ നാളെയോടുകൂടിയേ പണം കിട്ടാന്‍ സാധ്യതയുള്ളൂ എന്നതിനാലാണ്‌ യാത്രാപ്രതിസന്ധി നീളുന്നത്‌. അതേസമയം ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാന്‍ കെ.എസ്‌.ആര്‍.ടി.സി സര്‍ക്കാരിനോട്‌ 123 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഇന്ന്‌ തിരക്ക്‌ അനുസരിച്ച്‌ സൂപ്പര്‍ ക്ലാസ്‌ സര്‍വീസുകള്‍ നടത്താനാണ്‌ നിര്‍ദേശം.123 കോടി രൂപയാണ്‌ നിലവില്‍ കെ.എസ്‌.ആര്‍.ടി.സി. എണ്ണ കമ്പനികള്‍ക്ക്‌ നല്‍കാനുള്ളത്‌. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്‌ക്ക്‌ ഇനി കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഡീസല്‍ നല്‍കാനാകില്ലെന്ന്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആവര്‍ത്തിച്ചു. പ്രതിസന്ധിയുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി

Leave a Reply