കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തും; 20 വാച്ച്മാൻ തസ്തിക സൃഷ്ടിച്ചതായി മന്ത്രി വീണാ ജോർജ്

0

തിരുവനന്തപുരം: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 20 വാച്ച്മാൻ തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയും വാച്ച്മാൻ തസ്തികകൾ സൃഷ്ടിക്കുന്നത്. ഇതുകൂടാതെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 2 ക്ലാർക്ക്, 4 ഹോസ്പിറ്റർ അറ്റൻഡന്റ് ഗ്രേഡ് രണ്ട്, 3 കുക്ക് എന്നീ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് ഇവരെ നിയമിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ 400 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി ആദ്യ ഘട്ടത്തിൽ 100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ ബലപ്പെടുത്തുന്നതിനും സിസിടിവി സംവിധാനം ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here