മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം വിനോദ്‌ കാംബ്ലിക്ക്‌ സഹായഹസ്‌തം നീട്ടി മുംബൈയിലെ പ്രമുഖ വ്യവസായ സംരംഭകരായ സഹ്യാദ്രി ഇന്‍ഡസ്‌ട്രി ഗ്രൂപ്പ്‌

0

സാമ്പത്തിക പ്രതിസന്ധിയിലായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം വിനോദ്‌ കാംബ്ലിക്ക്‌ സഹായഹസ്‌തം നീട്ടി മുംബൈയിലെ പ്രമുഖ വ്യവസായ സംരംഭകരായ സഹ്യാദ്രി ഇന്‍ഡസ്‌ട്രി ഗ്രൂപ്പ്‌. ബുദ്ധിമുട്ടുകളില്‍നിന്നു കരകയറാന്‍ ജോലി വാഗ്‌ദാനവുമായാണ്‌ സഹ്യാദ്രി രംഗത്തെത്തത്തിയിരിക്കുന്നത്‌. ഗ്രൂപ്പിനു കീഴിലുള്ള സ്‌ഥാപനത്തിന്റെ അക്കൗണ്ട്‌സ് വിഭാഗത്തില്‍ പ്രതിമാനം ഒരു ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നല്‍കാമെന്നാണു വാഗ്‌ദാനം.
ജീവിതം ദുരിതപൂര്‍ണമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നല്‍കുന്ന 30,000 രൂപ പെന്‍ഷന്‍ മാത്രമാണു വരുമാനമെന്നും ജോലി നല്‍കി സഹായിക്കണമെന്നും കാംബ്ലി കഴിഞ്ഞദിവസം പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ വ്യവസായിയായ സന്ദീപ്‌ തോറാട്ട്‌ നേതൃത്വം നല്‍കുന്ന സഹ്യാദ്രി ഗ്രൂപ്പ്‌ കാംബ്ലിയെ സഹായിക്കാന്‍ സന്നദ്ധമാണെന്നു വ്യക്‌തമാക്കിയത്‌.
രാജ്യത്തിന്റെ യശസുയര്‍ത്തിയ ക്രിക്കറ്റ്‌ താരത്തിന്റെ വെളിപ്പെടുത്തല്‍ മനസുലച്ചെന്നും തുടര്‍ന്നാണ്‌ ജോലിവാഗ്‌ദാനം നല്‍കി സഹായിക്കാന്‍ തീരുമാനിച്ചതെന്നും സന്ദീപ്‌ പറഞ്ഞു. അതേസമയം, ക്രിക്കറ്റ്‌ അനുബന്ധ ഏതു ജോലിയും ചെയ്യാന്‍ സന്നദ്ധനാണെന്നായിരുന്നു കാംബ്ലി അഭിമുഖത്തില്‍ പറഞ്ഞിരുന്നത്‌. സഹ്യാദ്രിയുടെ വാഗ്‌ദാനം താരത്തിനു സ്വീകാര്യമാണോ എന്നതു സംബന്ധിച്ച സ്‌ഥിരീകരണം ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here