സമൂഹമാധ്യമങ്ങളിൽ ദേശീയ പതാക മുഖചിത്രമാക്കി ആർഎസ്എസ്

0

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ദേശീയ പതാക മുഖചിത്രമാക്കി ആർഎസ്എസ്. ത്രിവർണ പതാക സമൂഹ മാധ്യമങ്ങളിലെ മുഖചിത്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടും മുഖം തിരിഞ്ഞു നിന്ന ആർ എസ് എസിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ദേശീയ പതാക മുഖചിത്രമാക്കിയത്.

സംഘടനയുടെ കാവി പതാകയുടെ സ്ഥാനത്താണ് സമൂഹമാധ്യമ പേജുകളിൽ ദേശീയ പതാക ഇടംപിടിച്ചത്. വെള്ളിയാഴ്ചയാണ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രങ്ങൾ കാവിക്കൊടിയിൽ നിന്ന് ദേശീയ പതാകയിലേക്ക് മാറ്റിയത്. ആർഎസ്എസിന്റെ എല്ലാ ഓഫിസുകളിലും സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താറുണ്ടെന്നും മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന നരേന്ദർ ഠാക്കൂർ വ്യക്തമാക്കി.

കഴിഞ്ഞ 52 വർഷമായി നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന്റെ പശ്ചാത്തലത്തിലാണ് ഠാക്കൂറിന്റെ വിശദീകരണം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യം ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 2 മുതൽ 15 വരെ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. മോദിയും രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികൾ അടക്കമുള്ള വിവിധ പാർട്ടികളും ഇത് പാലിച്ചെങ്കിലും ആർഎസ്എസ് മാത്രം കാവിക്കൊടി മാറ്റാൻ തയാറായിരുന്നില്ല. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെ 10 ദിവസം പിന്നിട്ടപ്പോൾ ത്രിവർണ പതാക പ്രൊഫൈൽ ചിത്രമാക്കി.

”ദേശീയ പതാക ഉയർന്നു പറക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ജീവൻ ബലികഴിച്ചത്. എന്നാൽ ഒരു സംഘടന മാത്രം ദേശീയ പതാകയെ അംഗീകരിക്കാൻ മടിക്കുന്നു. 52 വർഷമായി അവരുടെ സംഘടനാ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയിട്ടില്ല. അവർ ദേശീയ പതാകയെ അപമാനിച്ചു. ഇപ്പോൾ ആ സംഘടനയിൽനിന്നു വന്നവർ ദേശീയ പതാകയുടെ ചരിത്രം പറയുന്നു, ‘ഓരോ വീട്ടിലും ദേശീയ പതാക’ എന്ന ക്യാംപെയ്ൻ നടത്തുന്നു’ ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

52 വർഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താത്ത സംഘടന ത്രിവർണ പതാക പ്രൊഫൈൽ ആക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം അനുസരിക്കുമോയെന്ന് ആർ.എസ്.എസിനെ ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചിരുന്നു.

വിഷയം രാഷ്ട്രീയവൽകരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് നിലപാട്. ‘ആസാദി കാ അമൃത് മഹോത്സവം’ എന്ന പരിപാടിക്ക് ആർഎസ്എസ് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. സംഘടനയിൽ അംഗങ്ങളായ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലെ മുഖചിത്രം ത്രിവർണ പതാകയാക്കിയെന്നും ആർഎസ്എസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

മറ്റു പല രാഷ്ട്രീയ സംഘടനകളെയും പോലെ സമൂഹമാധ്യമങ്ങളോടും സാങ്കേതിക വിദ്യയോടും ആർഎസ്എസിന് വലിയ അഭിനേവേശമില്ലെന്നും അവർ വിശദീകരിച്ചു. ഇതിനെ ദേശീയ പതാകയോടുള്ള എതിർപ്പായി കാണരുത്. ദേശീയ പതാകയ്ക്കായി ജീവൻ ത്യജിച്ചവർ ഇവിടെയുമുണ്ടെന്നും ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതന്ത്ര്യ ദിനത്തിന് രണ്ടു ദിവസം ബാക്കിനിൽക്കെ ആർഎസ്എസും സമൂഹമാധ്യമങ്ങളിലെ മുഖച്ചിത്രം ദേശീയ പതാകയാക്കിയത്.

Leave a Reply