കരകവിഞ്ഞൊഴുകി നദികൾ, ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കും ; സംസ്ഥാനത്ത് മഴ ശക്തം

0

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രളയമുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കി ദുരന്ത നിവാരണ അതോറിറ്റി . ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴയുടെ ശക്തി വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു . 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററിൽ കൂടുതല്‍ മഴയാണ് ഇപ്പോൾ ലഭിക്കുന്നത് . 2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

മഴ ശക്തമായാല്‍ മണിമലയാര്‍, വാമനപുരം, കല്ലട, കരമന,അച്ചന്‍കോവില്‍, പമ്പ അടക്കമുള്ള നദികളില്‍ പ്രളയ സാദ്ധ്യത ഉണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം സംസ്ഥാനത്ത് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുകിട അണക്കെട്ടുകള്‍ ജലം തുറന്നുവിട്ടുതുടങ്ങി.

തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 250 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇത് രാവിലെയോടെ 270 സെന്റീമീറ്ററായി ഉയര്‍ത്തി. കൂടാതെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ആകെ 530 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിട്ടുമുണ്ട്. അധികം വരുന്ന ജലം ഒഴുകി പോകുന്ന തരത്തിലാണ് ക്രമീകരണം. ഇതുമൂലം കരമനയാറില്‍ ജലനിരപ്പ് ഉയരും.

LEAVE A REPLY

Please enter your comment!
Please enter your name here