സമൃദ്ധി കിറ്റിന് സപ്ലൈകോ സഞ്ചി വാങ്ങുന്നത് ടെൻഡർ ഇല്ലാതെ

0

സമൃദ്ധി കിറ്റിന് സപ്ലൈകോ സഞ്ചി വാങ്ങുന്നത് ടെൻഡർ ഇല്ലാതെ. റേഷൻ കടകളിലെ ഓണക്കിറ്റിന് തുണി സഞ്ചി വാങ്ങിയതിന്റെ ഇരട്ടി വിലയ്ക്കാണ് സപ്ലൈകോ സഞ്ചി വാങ്ങുന്നത്. അതും ഓണക്കിറ്റിന് ലഭിച്ച സമാന സഞ്ചി തന്നെ. ഓണക്കിറ്റിന് 7.90 മുതൽ 8.66 വരെ രൂപ നൽകിയാണ് ഇ ടെൻഡറിലൂടെ സഞ്ചി വാങ്ങിയതെങ്കിൽ അതേ വലുപ്പമുള്ള സഞ്ചിയാണ് കൊല്ലത്തെ സ്വകാര്യ കമ്പനിയിൽ നിന്നും 18 രൂപയ്ക്ക് വാങ്ങാനൊരുങ്ങുന്നത്. ടെൻഡർ പോലും ക്ഷണിക്കാതെയാണ് സഞ്ചിക്ക് ഓർഡർ നൽകിയിരിക്കുന്നത്.

സിഎംഡിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ സഞ്ചി വാങ്ങാൻ ഡിപ്പോകൾക്കു നിർദ്ദേശം നൽകി. സൂപ്പർഹൈപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും മാവേലി സൂപ്പർ സ്റ്റോറുകളും 250 സമൃദ്ധി കിറ്റ് എങ്കിലും വിൽക്കണമെന്നാണു നിർദ്ദേശം. ഇത്തരം 627 ഔട്ലെറ്റുകളിലേക്കായി 28 ലക്ഷത്തിലധികം രൂപയുടെ സഞ്ചി വാങ്ങേണ്ടിവരും. റേഷൻ കട വഴി സൗജന്യ ഓണക്കിറ്റ് നൽകുന്നതിനു പുറമേയാണ് സപ്ലൈകോ സ്വന്തം നിലയ്ക്ക് ‘സമൃദ്ധി’യെന്ന പേരിൽ പ്രത്യേക കിറ്റ് ഇറക്കുന്നത്.

കൊല്ലത്തെ വീസിക്‌സ് ഗാർമെന്റ്‌സ് എന്ന കമ്പനി നൽകിയ ഓഫർ ലെറ്റർ ആണ് അതേപടി അംഗീകരിച്ച് വാങ്ങുന്നതിനായി കഴിഞ്ഞ 17നു സിഎംഡി ഉത്തരവിട്ടത്. ഭാരം താങ്ങാനുള്ള ശേഷി, നൂൽക്കനം തുടങ്ങിയ മാനദണ്ഡങ്ങൾ ഓണക്കിറ്റിന്റെ സഞ്ചിക്കുണ്ടായിരുന്നു. എന്നാൽ സമൃദ്ധി കിറ്റിന് വലുപ്പം ഒഴികെയുള്ള മാനദണ്ഡങ്ങളൊന്നുമില്ല.

അതേസമയം, ഒരു മോഡൽ നിർദേശിക്കുക മാത്രമാണു ചെയ്തതെന്നാണു സപ്ലൈകോയുടെ വിശദീകരണം. ഡിപ്പോതലത്തിൽ വാങ്ങുന്നതുകൊണ്ടാണ് ടെൻഡർ ഒഴിവാക്കിയതെന്നും ഓണക്കിറ്റിനെക്കാൾ ഗുണമേന്മയുണ്ടെന്നും സപ്ലൈകോ പറയുന്നു.

അതേസമയം സമൃദ്ധി കിറ്റിന് അധിക വിലയെന്ന് പരാതിയും ഉയരുന്നുണ്ട്. കിലോയ്ക്ക് 33 രൂപ വിലയുള്ള അരിക്ക് ‘സമൃദ്ധി’ കിറ്റിൽ 46 രൂപയാണു വില. 81 രൂപ വിലയുള്ള ശബരി ഗോൾഡ് ചായപ്പൊടിക്ക് കിറ്റിലെ വില 90 രൂപ.

17 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റിന് 1000 രൂപ വിലയിട്ട ശേഷം 900 രൂപയ്ക്കാണു വിൽക്കുന്നത്. എന്നാൽ, ഇതേ സാധനങ്ങൾ സപ്ലൈകോയുടെ മാവേലി സ്റ്റോറിൽ 886 രൂപ 56 പൈസയ്ക്കു ലഭിക്കും. സബ്‌സിഡി നിരക്കിലാണെങ്കിൽ മാവേലി സ്റ്റോറിൽ 770.56 രൂപ നൽകിയാൽ മതി.

Leave a Reply