ഉത്തരക്കടലസുകൾ മൂല്യനിർണയം നടത്താതെ തിരിച്ചയച്ച അധ്യാപകരിൽ പ്രിയ വർഗീസും ദീപ നിശാന്തും; ചെറുവിരൽ പോലും അനക്കാതെ സർവകലാശാലയും സർക്കാരും

0

മൂല്യനിർണയത്തിനായി ലഭിച്ച 165 ഉത്തരക്കടലാസുകളിൽ വെറും 35 എണ്ണത്തിന് മാത്രം മാർക്കിട്ട് ബാക്കി തിരിച്ചയച്ച തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപകരുടെ നടപടി വിവാദത്തിൽ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ പെട്ട പ്രിയ വർഗീസ് ഉൾപ്പെട്ട ആറ് അധ്യാപകർക്കെതിരെയാണ് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ.ജയശങ്കർ രംഗത്തെത്തിയിരിക്കുന്നത്.

കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കവിത മോഷണത്തിലൂടെ വിവാദത്തിലായ ദീപ നിശാന്ത് ഉൾപ്പെടെ തൃശൂർ കേരള വർമ്മ കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ തങ്ങൾക്ക് ലഭിച്ച ഉത്തരക്കടലാസ് പൂർണമായി നോക്കിയില്ലെന്നും അത് വഴി പരീക്ഷ ഫലം ആറുമാസം താമസിച്ചെന്നും എസ്. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഓഡിറ്റ് റിപ്പോർട്ടും ജയശങ്കർ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടു.

പ്രിയ വർഗീസ്, ദീപ നിശാന്ത് എന്നിവരടങ്ങിയ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാരുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. 2019 ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകളിൽ 165 എണ്ണമാണ് ഈ അദ്ധ്യാപകർക്ക് പരിശോധനയ്ക്കായി ലഭിച്ചത്. എന്നാൽ 35 എണ്ണം മാത്രം നോക്കി മാർക്കിട്ട് ബാക്കിയുള്ളവ തിരിച്ചയക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആറുമാസം വൈകിയാണ് വിദ്യാർത്ഥികളുടെ റിസൽട്ട് പുറത്തുവന്നത്. ഇതിനെതിരെ ഒരുനടപടിയും അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായില്ലെന്ന് അഭിഭാഷകനായ അഡ്വ. ജയശങ്കർ ആരോപിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും ശ്രീ കേരളവർമ്മ കോളേജും ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടിയായതുകൊണ്ടാകാമെന്നും ജയശങ്കർ പരിഹസിച്ചു.

അതിനിടെ, ജയങ്കറിന്റെ പോസ്റ്റിന് താഴെ ദീപ നിശാന്ത് മറുപടിയും നൽകിയിട്ടുണ്ട്. ‘കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ എത്ര കോളേജുകളുണ്ടെന്നും അതിൽ എത്ര മലയാളം അദ്ധ്യാപകരുണ്ടെന്നും അന്വേഷിക്കുക. അവരിൽ എത്ര പേർ സ്ഥിരമായി മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കുന്നുണ്ട് എന്ന് സമയമുണ്ടെങ്കിൽ അന്വേഷിക്കുക. മേൽപ്പറഞ്ഞ പേരുകാർ സർവീസിൽ കയറിയതിനു ശേഷം എത്ര ക്യാമ്പ് നടന്നിട്ടുണ്ട് എന്നും അതിൽ ഏതൊക്കെ ക്യാമ്പുകളിൽ അവർ പങ്കെടുക്കാതിരുന്നിട്ടുണ്ട് എന്നും അന്വേഷിക്കുക. ഉത്തരം കിട്ടും.’- ദീപ നിശാന്ത് പറയുന്നു.

‘ക്യാമ്പിൽ സ്ഥിരമായി പങ്കെടുക്കാത്ത അദ്ധ്യാപകരുണ്ട്. അവരുടെ ജോലി കൂടി ക്യാമ്പിൽ ഹാജരാകുന്ന അദ്ധ്യാപകർ എടുക്കേണ്ടി വരുന്ന സാഹചര്യം ആവർത്തിച്ചപ്പോൾ ഒരു പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ അദ്ധ്യാപകരും ഹാജരാകുകയാണെങ്കിൽ നോക്കേണ്ടി വരുമായിരുന്ന ഉത്തരക്കടലാസുകൾ എത്രയാണെന്ന് നിജപ്പെടുത്തി അത് നോക്കുകയും ബാക്കി തിരികെ ഏൽപ്പിക്കുകയും ചെയ്തു. ആ പ്രതിഷേധത്തിന് ഞങ്ങൾക്ക് ശിക്ഷ ലഭിക്കുകയാണെങ്കിൽ ഒരൊറ്റ പേപ്പർ പോലും നോക്കാതെ വീട്ടിലിരുന്ന അദ്ധ്യാപകരെ യൂണിവേഴ്സിറ്റി എന്തു ചെയ്യും? ഈ പ്രതിഷേധത്തിനു ശേഷം അതുവരെ വീട്ടിലിരുന്നവരെല്ലാം കൃത്യമായി ക്യാമ്പുകളിൽ ഹാജരാകാറുണ്ട് . അതുകൊണ്ടുതന്നെ അമിതഭാരം ഒരാൾക്കും വരുന്നുമില്ല എന്ന വ്യത്യാസം കൂടി ഉണ്ടായിട്ടുണ്ട് എന്നും അങ്ങയെ ഓർമ്മിപ്പിക്കട്ടെ.’ -ദീപ ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here