മൂവാറ്റുപുഴ റോഡിലെ അഗാധഗര്‍ത്തം , കാരണം കണ്ടെത്താനായില്ല; തല്‍ക്കാലം കുഴി അടച്ച്‌ പരിഹാരം

0

മൂവാറ്റുപുഴ: എം.സി. റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന്‌ സമീപം രൂപം കൊണ്ട ഗര്‍ത്തം ദിവസം മുഴുവന്‍ നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവില്‍ കോണ്‍ക്രീറ്റിട്ട്‌ അടച്ച്‌ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചു.
ചൊവ്വാഴ്‌ച രാത്രി എട്ടരയോടെയാണ്‌ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ പ്രധാന പാലത്തിന്‌ സമീപത്തായി റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെട്ടത്‌. ഇന്നലെ രാവിലെ ഉദ്യോഗസ്‌ഥരെത്തി പരിശോധിച്ചപ്പോള്‍ കൂടുതല്‍ ആഴത്തില്‍ മണ്ണിന്‌ ഇളക്കം സംഭവിച്ചിട്ടുണ്ടെന്ന്‌ ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ഉദ്യോഗസ്‌ഥര്‍ കൂടിയാലോചന നടത്തി.
പ്രാഥമിക പരിശോധനയില്‍ ഗര്‍ത്തം രൂപപ്പെടാനുള്ള കാരണം കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ഗതാഗതം പുനസ്‌ഥാപിക്കുന്നതിനായി ഗര്‍ത്തം താല്‍ക്കാലികമായി മെറ്റലും കോണ്‍ക്രീറ്റും ഉപയോഗിച്ച്‌ അടക്കുകയായിരുന്നു.
പ്രതിദിനം നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന കച്ചേരിത്താഴം പാലം ഇതേ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച രാത്രി പൂര്‍ണമായും അടച്ചിരുന്നു.
എം.സി. റോഡിലെ പ്രധാന പാലങ്ങളില്‍ ഒന്നില്‍ ഗതാഗതം നിരോധിച്ചതോടെ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക്‌ പോകേണ്ട വാഹനങ്ങള്‍ പ്രതിസന്ധിയിലായി. ഇതോടെയാണ്‌ താല്‍ക്കാലിക സംവിധാനം ഒരുക്കിയെങ്കിലും പാലം തുറന്ന്‌ കൊടുക്കാന്‍ ഉദ്യോഗസ്‌ഥര്‍ മുന്‍കൈ എടുത്തത്‌.
രാവിലെ തന്നെ മണ്ണ്‌ മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന്‌ ചുറ്റും കുഴിച്ച്‌ പരിശോധന നടത്തി. വന്‍ഗര്‍ത്തം രൂപപ്പെട്ടിട്ടും മണ്ണോ ചെളിയോ ദൃശ്യമാകാതിരുന്നത്‌ ഉദ്യോഗസ്‌ഥരെ കുഴക്കി. തുടര്‍ന്ന്‌ കൂടുതല്‍ ഭാഗങ്ങള്‍ പൊളിച്ച്‌ നീക്കി പരിശോധന നടത്തണമെന്ന ആവശ്യം ഉയര്‍ന്നു.
എന്നാല്‍ മൂവാറ്റുപുഴയാറില്‍ ക്രമാതീതമായി ജലനിരപ്പ്‌ ഉയര്‍ന്ന്‌ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭാഗങ്ങള്‍ കുഴിക്കുന്നത്‌ അപകടകരമാകുമെന്നും പാലത്തിന്‌ തന്നെ ബലക്ഷയം സംഭവിക്കാന്‍ ഇടയുണ്ടെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ്‌ താല്‍ക്കാലിക പരിഹാരത്തെ കുറിച്ച്‌ ആലോചിച്ചത്‌. പിന്നീട്‌ ഹിറ്റാച്ചിയും ജെ.സി.ബി.യും ഉപയോഗിച്ച്‌ ഗര്‍ത്തം അടക്കുന്നതിന്‌ നടപടി ആരംഭിച്ചു.
4 ടിപ്പര്‍ ലോഡുകളില്‍ എത്തിച്ച മെറ്റലും കോണ്‍ക്രീറ്റ്‌ മിശ്രിതവും വേണ്ടി വന്നു ഗര്‍ത്തം അടക്കാന്‍. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒടുവില്‍ വൈകിട്ട്‌ അഞ്ചിന്‌ പാലം ഭാഗീകമായി തുറന്നു നല്‍കി. ഗര്‍ത്തം രൂപപ്പെട്ട ഭാഗത്ത്‌ വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.

Leave a Reply