കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകൾ

0

കൊച്ചി: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് എറണാകുളം ജില്ലാ കളക്ടറുടെ പോസ്റ്റുകൾ. വൈകിയെത്തിയ അവധിപ്രഖ്യാപനവും പ്രതിഷേധത്തെ തുടർന്നുള്ള തിരുത്തലും ആയിരക്കണക്കിന് വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും അധ്യാപകരെയുമാണ് ആശയക്കുഴപ്പത്തിലാക്കിയത്.

രാവിലെ എട്ടരയോടെയാണ് പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കളക്ടറുടെ ആദ്യ പോസ്റ്റ് എത്തിയത്. എന്നാൽ, നേരത്തേ ക്ലാസ്സ് തുടങ്ങുന്ന സ്കൂളുകളിലെ പ്രീ പ്രൈമറി തലത്തിലുള്ള കുട്ടികൾ വരെ ഈ സമയത്ത് ക്ലാസ്സിൽ എത്തിയിരുന്നു. മിക്കവാറും സ്കൂളുകളിലെ ബസ്സുകളും കുട്ടികളെ കൊണ്ടുവരാനായി പുറപ്പെടുകയും ചെയ്തു.

അവധി പ്രഖ്യാപനം വന്നതോടെ സ്കൂളുകളിലും വീടുകളിലും സർവത്ര ആശയക്കുഴപ്പമായി. കുട്ടികളെ എങ്ങനെ തിരികെ കൊണ്ടുവരുമെന്ന കാര്യത്തിൽ രക്ഷിതാക്കളും സ്വകാര്യവാഹനങ്ങളിൽ ഉൾപ്പെടെ വരുന്ന കുട്ടികളെ തിരിച്ചെത്തിക്കാൻ എന്തുചെയ്യുമെന്നറിയാതെ അധ്യാപകരും അങ്കലാപ്പിലായി. നഗരത്തിലും പരിസരത്തും മാതാപിതാക്കൾ രണ്ടുപേരും ജോലിയ്ക്ക് പോയിക്കഴിഞ്ഞ വീടുകളും ഫ്ളാറ്റുകളും നിരവധിയാണ്.

‘മക്കൾ രണ്ടു പേരും രണ്ട് സ്കൂളുകളിലാണ് പഠിക്കുന്നത്. ഒരാൾ രണ്ടിലും മറ്റേയാൾ അഞ്ചിലും. ഇന്ന് പരീക്ഷയുള്ളതിനാൽ വിടാതിരിക്കാനും കഴിയില്ലായിരുന്നു. കളക്ടറുടെ പ്രഖ്യാപനം വന്നതോടെ ആരെ ആദ്യം വിളിക്കാൻ പോകുമെന്നായിരുന്നു ആശങ്ക. ഒടുവിൽ മൂത്തമകളെ വിളിക്കാൻ ഓഫീസിലേക്ക് പുറപ്പെട്ട ഭർത്താവിനെ വിളിച്ചുപറയുകയായിരുന്നു’ -കലൂരിൽ താമസിക്കുന്ന ഷീബ പറയുന്നു.

അതിനിടെ, അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റിനടിയിലും പ്രതിഷേധ കമന്റുകൾ നിറഞ്ഞു. തലേന്നു തന്നെ അവധി പ്രഖ്യാപിക്കാനായില്ലെങ്കിലും രാവിലെ അൽപം നേരത്തേ പ്രഖ്യാപിച്ചാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നെന്ന രീതിയിലും ബുധനാഴ്ച ചാർജെടുത്ത ആലപ്പുഴ കളക്ടറുടെ കുട്ടികൾക്ക് അവധി നൽകിക്കൊണ്ടുള്ള ആദ്യ പ്രഖ്യാപനവുമെല്ലാം കമന്റുകളായി നിറഞ്ഞു. കളക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വാദപ്രതിവാദങ്ങളായി.

Leave a Reply