പൊട്ടിപൊളിഞ്ഞ് പെരുമ്പാവൂർ; എ.എം റോഡിൽ ഒരു വർഷത്തിനിടെ പൊലിഞ്ഞത് 4 ജീവനുകൾ; എം സി റോഡിൽ മഴത്ത് കുഴിയടക്കൽ;റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നിട്ടും കുലുക്കമില്ല

0

ആലുവ–മൂന്നാർ റൂട്ടിൽ പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്കുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ റോഡ് പഴയപടിയാകുന്നതാണ് സ്ഥിതി.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. നേരത്തേ പെരുമ്പാവൂരിൽ നിന്നും കോതമംഗലത്ത് എത്താൻ അരമണിക്കൂർ മതിയായിരുന്നെങ്കിൽ, ഇപ്പോൾ ഒരു മണിക്കൂറിലധികം വേണം. അറ്റകുറ്റപ്പണിയെന്ന പ്രഹസനം അവർത്തിക്കുന്നുണ്ടെങ്കിലും ചെറിയ മഴ പെയ്താൽ കുഴികൾ വീണ്ടും തെളിഞ്ഞു വരും. കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല.

ആലുവ- മൂന്നാർ റോഡി‍ൻെറ ഭാഗമായ കോതമംഗലം- പെരുമ്പാവൂർ റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. ഇരുചക്ര വാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത വിധം കുഴികൾ രൂപപ്പെട്ടു. റോഡ് നാലുവരി പാതയാക്കി മാറ്റുന്നതി‍ൻെറ ഭാഗമായുള്ള നടപടിക്രമങ്ങളുടെ പേരുപറഞ്ഞ് നാല് വർഷത്തിലേറെയായി പൂർണതോതിൽ റീ ടാറിങ്​ നടത്തിയിട്ട്. കുഴികൾ രൂപപ്പെടുന്നയിടങ്ങളിൽ മാത്രം അറ്റകുറ്റപ്പണി നടത്തിവരുകയാണ് അധികൃതർ. ഒരു മഴ കഴിയുന്നതോടെ അറ്റകുറ്റപ്പണി നടത്തിയ ഇടവും അതിനടുത്ത ഭാഗവും കുഴിയായി മാറും. ഇപ്പാൾ റോഡ് പൂർണമായും തകർന്നു നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. അടുത്തിടെയാണ് കുഴി ഒഴിവാക്കുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് റോഡിൽ തെറിച്ചുവീണ്​ ഡ്രൈവർ മരിച്ചത്. നെല്ലിക്കുഴി കനാൽ പാലത്തിന് സമീപം കുഴികൾ തിരിച്ചറിയാൻ കപ്പക്കോൽ നാട്ടി കൊടികൾ തൂക്കിയിട്ടിരിക്കുകയാണ് നാട്ടുകാർ

പ്രതിഷേധത്തെ തുടർന്ന് ക്രഷർ പൊടിയും മെറ്റലും ഉപയോഗിച്ചു കുഴി അടയ്ക്കുന്നുണ്ടെങ്കിലും മഴക്കാലത്ത് ഫലപ്രദമല്ലെന്നാണു യാത്രക്കാർ പറയുന്നത്. വൈദ്യശാലപ്പടി മുതൽ ഓടക്കാലി പാച്ചുള്ളപ്പടി വരെയാണ് ഏറ്റവും കൂടുതൽ കുഴികൾ. മഴക്കാലത്ത് അറ്റകുറ്റപ്പണി നടത്തിയത് പലയിടത്തും തകർന്ന് വലിയ കുഴികളായി. ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ അറ്റകുറ്റപ്പണികളാണ് മഴയത്ത് ഒലിച്ചു പോയത്.

ഏപ്രിലിൽ റോഡ് ബിഎം ബിസി നിലവാരത്തിൽ പുനരുദ്ധരിക്കുന്നതിനു ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 7 കോടി രൂപ അനുവദിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണ ഉദ്ഘാടനം നടത്തിയെങ്കിലും പണി തുടങ്ങിയപ്പോഴേക്കും മഴക്കാലമായി. 8 കിലോമീറ്റർ റോഡ് പുനരുദ്ധാരണവും കാനകളുടെ നിർമാണവുമാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. മഴയത്ത് ക്രഷർ പൊടി ഒലിച്ചു പോകും. വെയിൽ തെളിയുമ്പോൾ കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പൊടി പറക്കും. ബൈക്ക് യാത്രക്കാർക്കാണു കൂടുതൽ ദുരിതം. മാസങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ് യാത്രക്കാർ.

 കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച വാഹനം ഇടിച്ചു എഎം റോഡിൽ ഒരു വർഷത്തിനിടെ 4 പേർ മരിച്ചു.

∙2021ഒക്ടോബർ 6 നു ചെറുകുന്നം വായ്ക്കാട്ട് നാരായണൻ നായർ (91) മരിച്ചത് കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ച സ്വകാര്യ ബസ് ഇടിച്ചാണ്.

∙കുറുപ്പംപടി എംജിഎം സ്കൂളിനു സമീപത്തെ കുഴിയിൽ ചാടാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിഞ്ഞു ചെറുകുന്നം ആട്ടുപുറത്ത് മഹേഷ് (34 ) മരിച്ചത് കഴിഞ്ഞ പൂജാ അവധിക്കാലത്താണ്.

∙തൊഴിലുറപ്പു പദ്ധതി തൊഴിലിനു പോകുകയായിരുന്ന ചെറുകുന്നം മാലിൽ വീട്ടിൽ മേരി സെബാസ്റ്റ്യൻ (54 ) ജൂണിൽ ബസ് ഇടിച്ചു മരിച്ചു.

∙ ജൂലൈ 3 നു കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ പൂവത്തൂർ അത്തിപ്പിള്ളി വീട്ടിൽ ദിലീപ് ( 45) മരിച്ചു. കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച കാറാണ് ദിലീപിന്റെ ജീവനെടുത്തത്.

പാച്ചുള്ളപ്പടിക്കു സമീപമായിരുന്നു അപകടം. ബൈക്കുകൾ കുഴിയിൽ വീണു യാത്രികർക്കു പരുക്കേൽക്കുന്ന സംഭവങ്ങൾക്ക് വേറെ.

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിൽ

അശമന്നൂർ പഞ്ചായത്തിലെ 7–ാം വാർഡിലെ നീലാണ്ടപ്പടി –നൂലേലി –അമ്പലപ്പടി റോഡിൽ നമ്പ്യാർചിറയുടെ ഭാഗത്ത് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിൽ. നൂലേലി അമ്പലപ്പടി ഭാഗത്തെ പ്ലൈവുഡ് കമ്പനികളിലേക്കു ഭാരവാഹനങ്ങൾ പോകുന്ന റോഡാണിത്. സ്കൂൾ വാഹനങ്ങളടക്കം പോകുന്നുണ്ട്.

എതിരെ വരുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്ത് വച്ച് വശം കൊടുക്കേണ്ടി വന്നാൽ വൻ അപകടത്തിന് കാരണമാകും. ഇടിഞ്ഞു താഴ്ന്നു നിൽക്കുന്ന നമ്പ്യാർ ചിറയുടെ ഭാഗം കെട്ടി ബലപ്പെടുത്തി റോഡിന്റെ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് കോൺഗ്രസ് 7–ാം വാർഡ് പ്രസിഡന്റ് യൂസഫ് മണിമലക്കുന്നേൽ, സെക്രട്ടറി ഹാരിസ് മലയിലാൻ എന്നിവർ ആവശ്യപ്പെട്ടു.

എം.സി റോഡില്‍ പെരുമഴയത്ത് കുഴിയടക്കൽ

എം.സി റോഡില്‍ പെരുമഴയത്ത് കുഴിയടച്ചു. മാസങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട കുഴികള്‍ അന്ന് അടക്കാതെ തിമിര്‍ത്ത് പെയ്യുന്ന മഴക്കാലത്ത് പണി നടത്തുകയായിരുന്നു. ബി.എം ബി.സി നിലവാരത്തില്‍ പണിത റോഡിന്റെ പെരുമ്പാവൂര്‍ മുതല്‍ കാലടി പാലം വരെയുള്ള പല ഭാഗത്തും കുഴികളാണ്. മഴക്കാലത്തിന് മുമ്പ് കുഴികള്‍ അടക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രണ്ടുപേര്‍ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിലേക്ക് മെറ്റലും ടാറും ഒഴിച്ച് ഇടിച്ച് ഉറപ്പിച്ച് പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടുകയായിരുന്നു. റോഡ് തകര്‍ച്ചയും മഴയും ശക്തമായതോടെ പല സമയത്തും റോഡില്‍ ഗതാഗതക്കുരുക്കാണ്. ഇതിനിടെ അറ്റകുറ്റപ്പണിമൂലം കുരുക്ക് രൂക്ഷമായി. കടുത്ത വേനലില്‍ കുഴിയടച്ചത് പലഭാഗത്തും തകര്‍ന്നു. ഇതിനിടെ മഴയത്ത് അടച്ചത് എത്രനാള്‍ നില്‍ക്കുമെന്നത്​ കണ്ടറിയണം. ഇടതടവില്ലാതെ ടോറസ് ഉള്‍പ്പെടെയുള്ള അമിതഭാരം കയറ്റിയ വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. കാലടി പാലത്തില്‍ ആഴ്ചയില്‍ ഒരു ദിവസം കുഴികള്‍ അടക്കേണ്ട സ്ഥിതിയാണ്​. അടച്ച് പിറ്റേന്ന് മുതല്‍ ടാർ ഉള്‍പ്പെടെയുള്ള മിശ്രിതം ഒലിച്ചുപോകും.

റോഡോ മരണക്കിണറോ’ ചോദ്യമുയര്‍ത്തി പ്രതീകാത്മക പ്രതിഷേധവുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

നിയോജക മണ്ഡലത്തിലെ റോഡുകളുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ‘റോഡോ മരണക്കിണറോ’ ചോദ്യമുയര്‍ത്തി പ്രതീകാത്മക പ്രതിഷേധവുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സമരരംഗത്ത്. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ആലുവ-മൂന്നാര്‍ റോഡില്‍ ഓടക്കാലി കവലയിലാണ് വ്യത്യസ്ത സമരമുറ അരങ്ങേറിയത്. തൊട്ടിയും കയറുമായി റോഡിലെ കുഴിയില്‍നിന്ന്​ വെള്ളം കോരി എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് കുറുപ്പംപടി സെക്ഷന്​ കീഴിലെ ആലുവ -മൂന്നാര്‍ റോഡില്‍ ഇരിങ്ങോള്‍ മുതല്‍ ഓടക്കാലി വരെ എട്ട് കിലോമീറ്റര്‍ ഭാഗം ബി.എം ആൻഡ്​ ബി.സി നിലവാരത്തില്‍ അറ്റകുറ്റപ്പണി നടത്താൻ കോതമംഗലം വി.കെ.ജെ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ്​ കരാര്‍ എടുത്തത്​. കനത്ത മഴ തുടരുന്നതിനാല്‍ പ്രവൃത്തികള്‍ നടത്താൻ കാലതാമസം നേരിടുന്നതാണെന്ന വിവരമാണ് ബന്ധപ്പെട്ട വകുപ്പ് നല്‍കുന്നത്.

Leave a Reply