പെഗാസസ്; വിവരങ്ങള്‍ ചോര്‍ത്തിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട്

0

പെഗാസസ് സ്നൂപ്പിംഗ് കേസില്‍ സുപ്രീം കോടതി നിയോഗിച്ച പാനല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്ത്. ഫോണുകളില്‍ മാല്‍വെയര്‍ കാണപ്പെടുന്നത് പെഗാസസ് ആയിരിക്കണമെന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധിച്ച 29 ഫോണുകളില്‍ പെഗാസസ് സ്‌പൈവെയര്‍ കണ്ടെത്തിയതിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സമിതി സുപ്രീം കോടതി യെ അറിയിച്ചു.

പെഗാസസ് സ്നൂപ്പിംഗ് കേസ് അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അദ്ധ്യക്ഷനായി നിയമിച്ച മൂന്നംഗ സമിതിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചത്. പരിശോധനയ്ക്കായി ലഭിച്ച 29 മൊബൈല്‍ ഫോണുകളില്‍ ഒന്നിലും ചാര സോഫ്റ്റ് വെയര്‍ കണ്ടെത്തിയതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

ഫോറന്‍സിക് വിശകലനത്തില്‍ അഞ്ച് ഫോണുകളെ ചില മാല്‍വെയര്‍ ബാധിച്ചതായി കണ്ടെത്തി, എന്നാല്‍ ഇത് പെഗാസസ് ആണോ എന്ന് ഉറപ്പില്ലെന്ന് പാനല്‍ പറഞ്ഞു. അന്വേഷണത്തില്‍ പക്ഷേ, സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പാനല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സിജെഐ എന്‍വി രമണ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരെ ചാരപ്പണി ചെയ്യുന്നതിനായി പെഗാസസ് സ്‌പൈവെയര്‍ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചിരുന്നു. ജൂലൈയിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പാനല്‍ തലവന്‍ ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊതുസഞ്ചയത്തില്‍ വയ്ക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പൗരന്മാരുടെ സംരക്ഷണം, ഭാവി നടപടി, ഉത്തരവാദിത്തം, സ്വകാര്യത സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള നിയമഭേദഗതി, പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം തുടങ്ങിയ നിര്‍ദേശങ്ങളും രവീന്ദ്രന്‍ സമര്‍പ്പിച്ചിരുന്നു.

എന്താണ് പെഗാസസ് സ്‌പൈവെയര്‍ വിവാദം?

രണ്ട് കേന്ദ്രമന്ത്രിമാര്‍, 40-ലധികം മാധ്യമപ്രവര്‍ത്തകര്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, ഇന്ത്യയിലെ ഒരു സിറ്റിംഗ് ജഡ്ജി എന്നിവരുള്‍പ്പെടെ 300-ലധികം പരിശോധിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് വഴി ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഒരു അന്താരാഷ്ട്ര മീഡിയ കണ്‍സോര്‍ഷ്യം ആരോപിച്ചു.

‘അനധികൃത നിരീക്ഷണം’ നടന്നിട്ടില്ലെന്ന് ഐടി മന്ത്രാലയം പറഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി ആരോപണങ്ങള്‍ തള്ളിയിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുതാര്യമല്ലെന്ന് ആരോപിച്ച പ്രതിപക്ഷം ഇന്ത്യന്‍ പൗരന്മാരെ ചോര്‍ത്താനാണ് സ്‌പൈവെയര്‍ ഉപയോഗിച്ചതെങ്കില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Leave a Reply