കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാനെത്തി മുങ്ങിയവരിൽ പാക്കിസ്ഥാൻ താരങ്ങളും

0

ലണ്ടൻ: കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കാനെത്തി മുങ്ങിയവരിൽ പാക്കിസ്ഥാൻ താരങ്ങളും. യുകെയിലെത്തിയ പാക്കിസ്ഥാന്റെ രണ്ട് കായികതാരങ്ങളെയാണ് കാണാതായത്. നേരത്തെ ശ്രീലങ്കൻ താരങ്ങളെയും കാണാതായിരുന്നു. തൊഴിൽ കണ്ടെത്തി യുകെയിൽ തന്നെ തുടരാനാണ് ഈ താരങ്ങളുടെ ശ്രമം.

കോമൺവെൽത്ത് ഗെയിംസ് അവസാനിച്ചതിനു പിന്നാലെയാണ് രണ്ടു താരങ്ങളെ കാണാനില്ലെന്ന് പാക്കിസ്ഥാൻ കായിക വിഭാഗം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ബോക്‌സിങ് താരങ്ങളായ സുലൈമാൻ ബലോച്, നസീറുല്ലാ ഖാൻ എന്നിവരെയാണു ടീം ഇംഗ്ലണ്ടിൽനിന്നു പുറപ്പെടുന്നതിനു മണിക്കൂറുകൾ മുൻപു കാണാതായത്.

തിങ്കളാഴ്ചയാണു കോമൺവെൽത്ത് ഗെയിംസ് അവസാനിച്ചത്. ബോക്‌സിങ് ടീമിനൊപ്പമെത്തിയ ഉദ്യോഗസ്ഥരുടെ കൈവശം ഇവരുടെ യാത്രാ രേഖകളും പാസ്‌പോർട്ടുകളുമുണ്ടെന്ന് പാക്കിസ്ഥാൻ ബോക്‌സിങ് ഫെഡറേഷൻ സെക്രട്ടറി നസീർ താങ് പ്രതികരിച്ചു. യുകെയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനെ, ടീം മാനേജ്‌മെന്റ് താരങ്ങളെ കാണാതായ വിവരം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കും വിവരം നൽകിയിട്ടുണ്ട്.

പാക്കിസ്ഥാനിൽനിന്നെത്തിയ എല്ലാ താരങ്ങളുടെയും രേഖകൾ പാക്ക് ഉദ്യോഗസ്ഥർ വാങ്ങി സൂക്ഷിച്ചിരുന്നു. താരങ്ങളുടെ കാണാതാകൽ അന്വേഷിക്കാൻ പാക്കിസ്ഥാൻ ഒളിംപിക് അസോസിയേഷൻ നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിങ്ങിൽ പാക്കിസ്ഥാന് മെഡലൊന്നും ലഭിച്ചിരുന്നില്ല. മറ്റിനങ്ങളിൽ രണ്ടു സ്വർണമടക്കം എട്ട് മെഡലുകൾ പാക്കിസ്ഥാന് ആകെ ലഭിച്ചു.

രണ്ടു മാസം മുൻപ് നീന്തൽ ചാംപ്യൻഷിപ്പിനായി ഹംഗറിയിലേക്കു പോയ രണ്ട് പാക്കിസ്ഥാൻ താരങ്ങൾ രാജ്യത്തേക്കു തിരിച്ചെത്തിയിട്ടില്ല. ഇതിൽ ഒരു താരം ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഉടനെ മത്സരത്തിൽ പോലും പങ്കെടുക്കാതെ യാത്രാ രേഖകളുമായി മുങ്ങുകയായിരുന്നു. ശ്രീലങ്കയിൽനിന്ന് കോമൺവെൽത്ത് ഗെയിംസിനെത്തിയ താരങ്ങളെയും യുകെയിൽ കാണാതായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here