നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ

0

 
കൊച്ചി: നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചത് വിസ്മയത്തോടെയാണ് ഞങ്ങളെല്ലാം നോക്കി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കൊല്ലത്ത് ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി വന്നതിന്റെ പേരിൽ അദ്ദേഹത്തെ ക്ഷണിച്ചു എന്ന് പറഞ്ഞ് എൻകെ പ്രേമചന്ദ്രൻ എംപിയെ സംഘി എന്നു വിളിച്ച് ആക്ഷേപിച്ചവരാണ് സിപിഎം നേതാക്കൾ എല്ലാവരും. സംഘി പ്രേമചന്ദ്രൻ എന്നാണ് പറഞ്ഞത്. 

കേന്ദ്ര സർക്കാരിന്റെ പ്രൊജക്ടായിരുന്നു ബൈപ്പാസ്. ഹൈവേ അതോറിറ്റിയിലെ ഉദ്യോ​ഗസ്ഥൻമാർ വിളിച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ അവിടുത്തെ എംപിയ്ക്ക് പ്രധാനമന്ത്രി വരണ്ട എന്നു പറയാൻ കഴിയുമോ. എന്നിട്ടും തെരഞ്ഞെടുപ്പ് ലാക്കാക്കി പ്രധാനമന്ത്രിയെ ക്ഷണിച്ചു എംപി എന്നതിന്റെ പേരിൽ അദ്ദേഹത്തെ സംഘി പ്രേമചന്ദ്രൻ എന്ന് ആ തെരഞ്ഞെടുപ്പിൽ മുഴുവൻ സിപിഎമ്മുകാർ ആക്ഷേപിച്ചു.
​ഗുജറാത്തിൽ പോയതിന്റെ പേരിൽ ഷിബു ബേബി ജോൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം നേതാക്കൻമാർക്ക് പിണറായി വിജയൻ സാക്ഷാൽ അമിത് ഷായെ നെഹ്റു ട്രോഫിക്ക് ക്ഷണിച്ചതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നറിയാൻ വലിയ ആ​ഗ്രഹമുണ്ട്. ബിൽക്കിസ് ബാനുവിന്റെ കേസിൽ ആളുകളെയൊക്കെ വെറുതെവിട്ട പശ്ചാത്തലമാണിപ്പോൾ. അന്ന് ആ വലിയ സംഭവങ്ങൾ നടക്കുമ്പോൾ ​ഗുജറാത്തിൽ അമിത് ഷായായിരുന്നു ആഭ്യന്തര മന്ത്രി. ഇപ്പോൾ ദേശീയ തലത്തിൽ അതെല്ലാം വീണ്ടും ചർച്ച ചെയ്യുമ്പോൾ എന്താണ് മുഖ്യമന്ത്രി ഈ അമിത് ഷായെ വിളിക്കാനുള്ള കാരണം എന്നു പറയണം. 
ലാവ്‌ലിന്‍ കേസ് എടുക്കാൻ പോകുന്നതാണോ പ്രശ്നം, അതോ സ്വർണക്കള്ളക്കടത്ത് കേസാണോ പ്രശ്നം. കേരളത്തിലെ സിപിഎം നേതൃത്വവും ഡൽഹിയിലെ ആർഎസ്എസ് നേതൃ‌ത്വും തമ്മിൽ ഒരു അവിഹിത ബന്ധം ഉണ്ട് എന്ന ഞങ്ങളുടെ ആരോപണം അടിവരയിടുന്നതാണ്. പകൽ ബിജെപി വിരോധം രാത്രി ബിജെപി നേതാക്കളുമായുള്ള ചർച്ച. ഇതാണ് കുറേ നാളായി കേരളത്തിൽ നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുതന്നെയാണ് നടന്നത്. 
കോൺ​ഗ്രസ് മുക്ത ഭാരതം സംഘപരിവാർ സ്വപ്നമാണ്. തുടർഭരണം സിപിഎമ്മിന്റെ ആ​​ഗ്രഹമായിരുന്നു. രണ്ടും കൂടി മീറ്റ് ചെയ്ത പോയിന്റാണ്. ഗുജറാത്തിന്റെ മുകളിൽ കൂടി വിമാനത്തിൽ പോകുന്നവർ സംഘിയാകും. പക്ഷേ അമിത് ഷായെ വിളിക്കാം. ഈ ഇരട്ടത്താപ്പാണ്, അവസരവാദിത്വത്തിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്- വിഡി സതീശൻ വ്യക്തമാക്കി.  

Leave a Reply