‘‘മരണക്കിടക്കയിലാണ്. അതോര്‍ത്ത് സംസാരിച്ചോ..’’; ഇന്ദുലേഖയുടെ ക്രൂരതയുടെ

0

തൃശൂർ: അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുമ്പോഴും സ്വന്തം അമ്മയോട് ഇന്ദുലേഖ പെരുമാറിയത് ക്രൂരമായി. സ്വന്തം പിതാവിന്റെ മുന്നിൽവെച്ച് പോലും പരുഷമായ വാക്കുകളാണ് ഇന്ദുലേഖ അമ്മക്ക് നേരേ ഉപയോഗിച്ചത്. കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണി(58) യുടെ കൊലപാതകത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആശുപത്രിയിൽ വെച്ചും മകളോട് വിഷം വല്ലതും കലക്കിതന്നോ എന്ന രുഗ്മിണിയുടെ ചോദ്യത്തിനാണ്, മരണക്കിടക്കയിലാണെന്ന് ഓർത്തോളണം എന്ന് മകൾ ഇന്ദുലേഖ പറയുന്നത്.

ഓഗസ്റ്റ് പതിനെട്ടിന് വൈകിട്ടാണ് രുഗ്മിണിയെ ഛർദ്ദി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയിൽതന്നെ വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർ പറ‍ഞ്ഞു. വിദഗ്ധ ചികിൽസയ്ക്കായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചെന്നപ്പോഴും ഡോക്ടർമാർ വിഷാംശത്തിന്റെ കാര്യം ആവർത്തിച്ചു. ഛർദ്ദി നിൽക്കുന്നില്ല. അവശയായ രുഗ്മിണി ഇന്ദുലേഖയോട് ചോദിച്ചു – ‘‘മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ..’’.

‘‘മരണക്കിടക്കയിലാണ്. അതോർത്ത് സംസാരിച്ചോ..’’ മുലപ്പാലൂട്ടി വളർത്തിയ മകൾ ക്രൂരമായ ഈ വാക്കുകൾ കൊണ്ട് അമ്മയെ അവസാന സമയത്തും വിഷമിപ്പിച്ചു. ഇതെല്ലാം കേട്ട് രുഗ്മിണിയുടെ ഭർത്താവ് ചന്ദ്രൻ അടുത്തുണ്ടായിരുന്നു. മകളുടെ ഈ വാക്കുകൾ ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. ‘‘അമ്മ മരിക്കാൻ പോകുന്നുവെന്ന് എങ്ങനെ മനസിലായി?..’’ പൊലീസ് ഇന്ദുലേഖയോട് ആവർത്തിച്ചു ചോദിച്ചു. അമ്മയുടെ മോശമായ ആരോഗ്യ അവസ്ഥ കണ്ടപ്പോൾ വെറുതെ പറഞ്ഞതാണെന്നായിരുന്നു മറുപടി.

ബാക്കി എലിവിഷം കളയാൻ ഏൽപിച്ചു

‘‘അമ്മ ഒരു പായ്ക്കറ്റ് കളയാൻ ഏൽപിച്ചുണ്ട് മുത്തച്ഛാ. അതിൽ എലിവിഷമെന്ന് എഴുതിയിട്ടുണ്ട്’’– കൊച്ചുമകൻ ചന്ദ്രനോട് പറഞ്ഞു. എന്തിനാണ് നീ എലിവിഷം കളയാൻ മകനെ ഏൽപിച്ചതെന്ന് അച്ഛൻ ചോദിച്ചപ്പോൾ, അത് വീട്ടിൽ എലിശല്യമുള്ളതിനാൽ കളയാനാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. ബാക്കി എലിവിഷം മകൻ വീട്ടിൽ വച്ചിരുന്നു. ഇതു പിന്നീട്, പൊലീസിൻറെ തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു.

കൊല്ലാൻ ‘വേറെയും ഐഡിയ’

ഇന്ദുലേഖ ഒരിക്കൽ കുന്നംകുളം നഗരത്തിൽ വന്നു മടങ്ങുമ്പോൾ ഒരു ഓട്ടോറിക്ഷയിൽ കയറി. പരിചയമുള്ള ഓട്ടോക്കാരനായിരുന്നു അത്. എവിടെയായിരുന്നു ഓട്ടമെന്ന് ചോദിച്ചപ്പോൾ ഡ്രൈവർ പറഞ്ഞു.‘‘പനിയുടെ ഡോളോ ഗുളിക കുറേ കഴിച്ച് അവശനായ ആളെ കൊണ്ടുവന്നതാണ്. ജീവനൊടുക്കാൻ ചെയ്തതാണെന്നു തോന്നുന്നു. ആൾക്ക് സീരിയസാണ്’’. ഇതുകേട്ട ഇന്ദുലേഖ നേരെ മെഡിക്കൽ ഷോപ്പിൽ പോയി ഒട്ടേറെ ഗുളികകൾ വാങ്ങി. ഈ ഗുളികകളെല്ലാം അരച്ചു പൊടിയാക്കി അച്ഛനും അമ്മയ്ക്കും ഭക്ഷണത്തിൽ കലർത്തി കൊടുത്തു. ഭക്ഷണത്തിനു കയ്പ് അനുഭവപ്പെട്ടപ്പോൾ ഇരുവരും അതു കഴിച്ചില്ല. രണ്ടു മാസം മുമ്പായിരുന്നു ഇത്.

പാറ്റയുടെ ‘ചോക്ക്’ ചുരണ്ടി

പാറ്റയെയും ഉറുമ്പിനെയും തുരത്താൻ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള ‘ചോക്ക്’ നഖം കൊണ്ട് ചുരണ്ടി ചായയിൽ കലർത്തി അച്ഛനു നൽകി. ചായയുടെ രുചി മോശമായതിനാൽ അന്നും അച്ഛൻ അത് കഴിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here