ലോണുമില്ല, തവണകളുമില്ല..’; പണ്ടത്തെയും ഇപ്പോഴത്തെയും കാമുകിമാര്‍ക്ക് നന്ദി പറഞ്ഞ് യുവാവ്

0

മുൻ കാമുകിമാർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. സ്വന്തമായി ഒരു കാര്‍ വാങ്ങാന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് ഈ യുവാവ്. ലിങ്കഡ് ഇന്നിലാണ് കാര്‍ വാങ്ങാന്‍ സഹായിച്ചവര്‍ക്കെല്ലാം യുവാവ് നന്ദി പറഞ്ഞത്. ഇത് കാര്യമായിട്ടാണോ അതോ യുവാവിന്‍റെ സര്‍ക്കാസം ആണോയെന്നും ആളുകൾക്ക് സംശയമുണ്ട്. സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റ് ആയി ജോലി ചെയ്യുന്ന മഥുര്‍ സിംഗ് എന്ന യുവാവിന്‍റെ കുറിപ്പാണ് വൈറലാകുന്നത്.

വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്, ഞാനൊരു ടാറ്റ ടിയാഗോ സ്വന്തമാക്കി. ഫുള്‍ പേയ്മെന്‍റ് നല്‍കിയാണ് വാങ്ങിയിരിക്കുന്നത്. ലോണുമില്ല, തവണകളുമില്ല എന്ന് യുവാവ് ലിങ്കഡ് ഇന്നില്‍ എഴുതി. ഒരു കാര്‍ വാങ്ങുന്നതിനായി വര്‍ഷങ്ങളായി പണം കൂട്ടിവയ്ക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടികള്‍ക്ക് പോകാറില്ല. കാമുകിക്കോ ഭാര്യക്കോ വിലകൂടിയ സമ്മാനങ്ങളും വാങ്ങി നല്‍കിയിട്ടില്ലെന്നും യുവാവ് പറയുന്നു.

അമ്മ തന്നെ പച്ചക്കറി വാങ്ങാനായി വിട്ടാല്‍ പച്ചമുളകും മല്ലിയിലയുമൊക്കെ സൗജന്യമായി തരുമോ എന്ന് കടക്കാരനോട് ചോദിക്കുമായിരുന്നു. അങ്ങനെ തനിക്ക് കാര്‍ വാങ്ങുന്നതിനായി 10 രൂപ ചേര്‍ത്ത് വയ്ക്കാമല്ലോ. രാത്രിയില്‍ വാച്ച് മാനായി അധിക ജോലിയെടുത്തു. ചില സമയങ്ങളില്‍ മക്ഡോണാള്‍ഡ്സില്‍ ജോലി ചെയ്തു. ചിലപ്പോള്‍ യുപിഎസ്ഇ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് ട്യൂഷന്‍ എടുത്തു. അങ്ങനെ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.

കഠിന പ്രയ്തനത്തിന് ഒടുവില്‍ ഫലമുണ്ടായി. ഇതിന് സഹായിച്ച തന്‍റെ മാതാപിതാക്കള്‍, ജോലി നല്‍കിയ പഴയ മുതലാളിമാര്‍, മുന്‍ കാമുകിമാര്‍, ഇപ്പോഴത്തെ കാമുകിമാര്‍… ഒടുവില്‍ പിന്തുണ നല്‍കിയ പച്ചക്കറി കടക്കാര്‍ക്കും നന്ദി പറയുന്നു എന്നും യുവാവ് കുറിച്ചു. മഥുര്‍ സിംഗിന്‍റെ പോസ്റ്റ് ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. താങ്കളുടെ ഭാര്യക്കും കാമുകിക്കും പരസ്പരം അറിയാമോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. എന്നാല്‍, പോസ്റ്റ് വൈറലായതിന് പിന്നാലെ യുവാവ് കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാസം ആയാണ് ഇങ്ങനെ ഒരു കുറിപ്പിട്ടതെന്നാണ് മഥുര്‍ പറയുന്നത്.

Leave a Reply