മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം ചർച്ച; പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിൾ ഡ്യൂട്ടി പാറ്റേൺ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ. യൂണിയനുകളുമായി താൻ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചതായും ആന്റണി രാജു പറഞ്ഞു. വിശദമായി തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

യൂണിയനുകൾക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. വഴങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരം ആരോപണങ്ങൾ ശരിയല്ല. വരുമാനം കൂട്ടുന്നതിന് മാനേജ്മെന്റ് ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. യൂണിയനുകളും മാനേജ്മെന്റും സഹകരിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു. യൂണിയനുകളുമായി തുടർ ചർച്ച നടത്തും. ശമ്പളം കൃത്യമായി കൊടുക്കുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അതിന് വേണ്ടിയാണ് സർക്കാർ ശ്രമം നടത്തുന്നത്. ശമ്പളം കൊടുക്കാൻ ചില പരിമിതികളുണ്ടായിരുന്നു. പ്രശ്നം ശാശ്വതമായി പരിഹരിക്കാനാണ് ഇന്നും ചർച്ച നടത്തിയത്. ഓണം എല്ലാവർക്കും ആഘോഷിക്കാൻ പറ്റും. അതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.

അതേസമയം 12 വര്‍ഷത്തിനിടെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി നല്‍കിയത് 9,430 കോടി രൂപ. 2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. 1601.6 കോടി രൂപയാണ് ഈ വര്‍ഷക്കാലയളവില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ച് നല്‍കിയത്.

സര്‍ക്കാര്‍ വായ്പ, സ്ബസിഡി, പദ്ധതി വിഹിതം എന്നീ ഇനങ്ങളിലാണ് സഹായം നല്‍കിയത്. 2008 മുതല്‍ 2022 വരെയുള്ള രേഖകളാണ് വിവരാവകാശ രേഖയിലുള്ളത്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനച്ചെലവിനാണ് തുക ഉപയോഗിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here