നെഹ്‌റുട്രോഫി വള്ളംകളി; അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി; ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും പിണറായി വിജയൻ

0

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയ്ക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്. അമിത് ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനെത്തുമ്പോള്‍ നെഹ്രുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന. 23-നാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അമിത് ഷായ്ക്ക് അയച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രി എത്തിയാല്‍ നിയന്ത്രണങ്ങള്‍ കടുക്കും

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്‌സും ശനിയാഴ്ച അറിയാം. ഉച്ചയ്ക്കുശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ട്രാക്കിന്റെയും ഹീറ്റ്‌സിന്റെയും നറുക്കെടുപ്പു നടക്കും. രാവിലെ ക്യാപ്റ്റന്‍സ് ക്ലിനിക്ക് നടക്കും. ക്ലബ്ബുകളുടെ ക്യാപ്റ്റന്‍മാര്‍ക്കു വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളും നിയമാവലികളും യോഗത്തില്‍ നല്‍കും. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം 22 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.

നെഹ്‌റുട്രോഫിക്കൊപ്പം സി.ബി.എല്‍. കൂടി ആരംഭിക്കുന്നതിനാല്‍ കര്‍ശന അച്ചടക്ക നടപടികളായിരിക്കും ഇത്തവണ സ്വീകരിക്കുന്നത്. വള്ളംകളി പൂര്‍ത്തിയാക്കുന്നതിനു കൃത്യമായ സമയക്രമം പാലിക്കണം. ഇക്കാര്യത്തില്‍ ക്‌ളബ്ബുകള്‍ വീഴ്ച വരുത്തിയാല്‍ നടപടി ഉണ്ടാകും.

മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാല്‍ പ്രശ്‌നങ്ങളില്ലാതെ കുറ്റമറ്റരീതിയില്‍ സമയക്രമം പാലിച്ചു വള്ളംകളി നടത്താനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൂടി എത്തിയാല്‍ നിയന്ത്രണങ്ങള്‍ പിന്നെയും കടുക്കും.

വള്ളംകളികാണാന്‍ ആനവണ്ടിയിലെത്താം

ആനവണ്ടിയിലെത്തി നെഹ്റുട്രോഫി വള്ളംകളി കാണാന്‍ വള്ളംകളി പ്രേമികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം അവസരമൊരുക്കുന്നു. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ഒരുക്കുന്നത്. എല്ലാ ജില്ലകളിലുള്ളവര്‍ക്കും വേണ്ടി ബസ് ഒരുക്കും. ഫോണ്‍-9846475874.

Leave a Reply