എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ; മന്ത്രി സ്ഥാനം രാജിവയ്ക്കും

0

എക്‌സൈസ്‌, തദ്ദേശമന്ത്രി എം.വി.ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. തീരുമാനം സിപിഎം സംസ്ഥാന സമിതി യോഗത്തില്‍. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യകാരണങ്ങളെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് അദ്ദേഹത്തിന്റെ നിയമനം.

മന്ത്രിസഭാ പുനഃസംഘടന അടുത്ത സെക്രട്ടറിയേറ്റ് തീരുമാനിക്കും. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍ അറിയിച്ചു. മന്ത്രിസഭയിൽ വിപുലമായ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാത്തിരിക്കൂവെന്ന് അദ്ദേഹം മറുപടി നല്‍കി.

എല്ലാ നിലയിലും മികവ് പ്രകടിപ്പിച്ചയാളാണ് എം.വി.ഗോവിന്ദനെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉചിതമായ തീരുമാനമേ പാർട്ടി എടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്‌ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. കെഎസ്​വൈഎഫ് പ്രവർത്തകനായാണ് ഗോവിന്ദൻ സിപിഎമ്മിലേക്കു വരുന്നത്. തുടർന്ന് കെഎസ്​വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപകജോലി രാജിവച്ചാണ് സിപിഎമ്മിന്റെ മുഴുവൻ സമയ പ്രവർത്തകനായത്.

എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്‌ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി. ജയരാജൻ വെടിയേറ്റ് ചികിൽസയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു.

മൊറാഴയിലെ കെ. കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടിൽ മാധവിയുടേയും ആറു മക്കളിൽ രണ്ടാമൻ. തളിപ്പറമ്പ് നഗരസഭാ ചെയർപഴ്‌സനായിരുന്ന പി.കെ. ശ്യാമളയാണ് ഭാര്യ. ശ്യാംജിത്ത്, കുട്ടൻ എന്നിവർ മക്കൾ

Leave a Reply