മുല്ലപ്പെരിയാർ: ആശങ്ക വേണ്ട, മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കില്ല -സ്റ്റാലിൻ

0

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മറുപടി. മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. അണക്കെട്ട് എല്ലാ അർഥത്തിലും സുരക്ഷിതമാണ്. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്‍റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. അണക്കെട്ടിന് താഴെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ അണക്കെട്ട് മാനേജ്മെന്റ് സംഘം ചെയ്തിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറക്കില്ലെന്നും സ്റ്റാലിന്‍ ഉറപ്പ് നല്‍കി.

മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഗസ്റ്റ് അഞ്ചിനാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ തമിഴ്നാടിന്റെ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുമ്പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രി തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതോടെ പുഴയിലെ നീരൊഴുക്ക് വർധിച്ച് പല വീടുകളിലും വെള്ളം കയറിയിരുന്നു. ഇതേ തുടർന്നാണ് 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ നടപടികൾ അറിയിക്കണമെന്ന് കേരളം അഭ്യർഥിച്ചത്.

Leave a Reply