ഗുജറാത്തിനെ അപകീർത്തിപ്പെടുത്താനും നിക്ഷേപം തടയാനും ഗൂഢാലോചന നടക്കുന്നതായി മോദി

0

ഗാന്ധിനഗർ: ഗുജറാത്തിനെ അപകീർത്തിപ്പെടുത്താനും സംസ്ഥാനത്തേക്കുള്ള നിക്ഷേപങ്ങൾ തടയാനും ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗുജറാത്തിലെ ഭുജ് ജില്ലയിൽ വികസന പ്രവർത്തനങ്ങളുടെ തറക്കല്ലിടൽ പരിപാടിക്ക് ശേഷം നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം അവസാനത്തോടെ ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

‘രാജ്യത്തും ലോകത്തും പലയിടങ്ങളിലായി ഗുജറാത്തിനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചനകൾ നടന്നു. സംസ്ഥാനത്തേക്കുള്ള നിക്ഷേപങ്ങൾ തടയാൻ ആവർത്തിച്ച് ശ്രമിച്ചു. എന്നാൽ സംസ്ഥാനം തിരഞ്ഞെടുത്തത് പുരോഗതിയുടെ പാതയാണ്’- മോദി പറഞ്ഞു.
2001ലെ കച്ച് ഭൂകമ്പത്തിന് ശേഷം സംസ്ഥാനത്തിന്‍റെ പുനർവികസനത്തിനായി തങ്ങൾ കഠിനാധ്വാനം ചെയ്തതിന്‍റെ ഫലമാണ് ഇന്ന് കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭൂകമ്പത്തിൽ നിന്ന് കരകയറാൻ കച്ചിന് സാധിക്കില്ലെന്ന് പലരും പറഞ്ഞെങ്കിലും അവിടെയുള്ളവർ അത് മാറ്റിമറിച്ചു.നിങ്ങൾ ഇന്ന് ഇന്ത്യയിൽ പല പോരായ്മകളും കണ്ടേക്കാം. എന്നാൽ 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്- മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here