സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് എന്ന് കുറ്റപ്പെടുത്തി മന്ത്രി പിഎ മുഹമ്മദ് റിയാസ്

0

പാലക്കാട്: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് എന്ന് കുറ്റപ്പെടുത്തി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈകാരികതയ്ക്ക് അടിമപ്പെടാതെ വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാൻ. അക്രമത്തെ അപലപിക്കാൻ പോലും യുഡിഎഫ് തയ്യാറായിട്ടില്ല. തുടർ ഭരണം ആർഎസ്എസിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും റിയാസ് കുറ്റപ്പെടുത്തി.

അതേസമയം ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികൾ പിടിയിലായാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. ഷാജഹാന്റെ കൊലപാതകം ദുഃഖകരമെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചത്.

മന്ത്രി റിയാസ് ഇങ്ങനെ പറയുമ്പോഴും ദൃക്‌സാക്ഷി പറയുന്നത് സിപിഎമ്മുകാരും കൊലപാതികകളായി ഉണ്ടെന്നതാണ്. ഇതിൽ നിന്ന് തന്നെ മന്ത്രിയുടെ വാദം പൊളിയുകയാണ്. പാലക്കാട് മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനിൽ ഇന്നലെ രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്‌ത്തുകയായിരുന്നു എന്നാണ് വിവരം.

ആക്രമണത്തിൽ ഷാജഹാന് കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി പി എം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്.

Leave a Reply