സർക്കാർ ഫണ്ടുകൾ കൃത്യമായി ലഭിക്കുന്നില്ല; എംജി സർവ്വകലാശാലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

0

കോട്ടയം: സർക്കാരിൽ നിന്നുള്ള ഫണ്ടുകൾ കൃത്യമായി ലഭിക്കാത്തതു മൂലം എംജി സർവ്വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്ലാൻ ഫണ്ടും നോൺ പ്ലാൻ ഫണ്ടും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറ‍ഞ്ഞു. 120 കോടി രൂപയുടെ ബാധ്യത നിലവിലുണ്ടെന്നാണ് കണക്കുകൾ. വരും മാസങ്ങളിൽ ശമ്പളവും പെൻഷനും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയേക്കും. സർവ്വകലാശാലക്ക് പ്രതിമാസം 24.5 കോടി രൂപ ആവശ്യമാണ്. സർക്കാരിനോട് 50 കോടി രൂപ അടിയന്തരമായി സർവ്വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേരള സർവ്വകലാശാലയിലെ വിസി നിയമന വിഷയത്തിൽ വിശദീകരണവുമായി ​ഗവ‍ർണ‍ർ രം​ഗത്തെത്തി. ഏകപക്ഷീയമായല്ല സെർച്ച് കമ്മിറ്റി രൂപീകരിച്ചതെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള സർവ്വകലാശാലയിൽ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമപരമായാണ്. തനിക്ക് അനുയോജ്യരെന്ന് തോന്നുന്നവരെ ഉള്‍പ്പെടുത്തും. തന്റെ അധികാരപരിതിയില്‍ ഇടപെടരുതെന്നും ​ഗവർണർ പറഞ്ഞു.സര്‍വ്വകലാശാലകളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നിയമഭേദഗതി നീക്കത്തിന്റെ ലക്ഷ്യം തന്നെ ബന്ധു നിയമനമാണ്. സ്വജനപക്ഷപാതം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമ്മതിക്കില്ല. കേരള സര്‍വ്വകലാശാല വിസി നിയമനം സെലക്ഷന്‍ പാനല്‍ നിയമപരമാണെന്നും ​ഗവർണർ ആവർത്തിച്ചു. ​സർവ്വകലാശാലയുടെ ചാൻസിലറായ ​ഗവർണർക്കെതിരെ പരസ്യമായി ആരോപണമുന്നയിച്ച കണ്ണൂര്‍ വിസിയെയും അദ്ദേഹം വിമർശിച്ചു. കണ്ണൂർ വിസി പെരുമാറുന്നത് പാർട്ടി കേഡറെ പോലെയാണെന്നായിരുന്നു ഗവർണറുടെ വിമർശനം. വിസിക്കെതിരെ നിയമ നടപടിയുണ്ടാകും.

കേരള സർവ്വകലാശാലയിൽ ഇന്ന് ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർക്ക് എതിരെ പ്രമേയം കൊണ്ടുവന്നേക്കും എന്നാണ് സൂചന. ഗവർണറുടെ നോമിനിയായ കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയും യുജിസിയുടെ നോമിനിയായ കർണ്ണാടകയിലെ കേന്ദ്ര സർവ്വകലാശാല വി സി പ്രൊഫസർ ബട്ടു സത്യനാരായണയും മാത്രമാണ് കമ്മിറ്റിയിലുള്ളത്.സർവ്വകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അദ്ദേഹം സ്വയം ഒഴിവായിരുന്നു. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്താനുളള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലായിരുന്നു നടപടി

LEAVE A REPLY

Please enter your comment!
Please enter your name here