മറാഠ സമുദായ നേതാവും ശിവസംഗ്രാം പാർട്ടി അധ്യക്ഷനുമായ വിനായക് മേട്ടെ വാഹനാപകടത്തിൽ മരിച്ചു

0

മുംബൈ: മറാഠ സമുദായ നേതാവും ശിവസംഗ്രാം പാർട്ടി അധ്യക്ഷനുമായ വിനായക് മേട്ടെ വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ മുംബൈ- പൂണെ എക്സ്പ്രസ് വേയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. മാടപ്പ് തുരങ്കത്തിന് സമീപത്തുവച്ച്, വിനായക് മേട്ടെ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

ഉടൻ തന്നെ നവി മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനായക് മേട്ടെയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ളവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ റാം ഡോബ്ലെ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ നവി മുംബൈയിലെ എംജിഎം ആശുപത്രിയിൽ എത്തി. മേട്ടെയുടെ മരണത്തിൽ സംസ്ഥാനത്തെ നിരവധി രാഷ്ട്രീയ നേതാക്കൾ അനുശോചിച്ചു. മഹാരാഷ്ട്രയിലെ മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ (എംഎൽസി) വിനായക് മേട്ടെയ്ക്കു ഭാര്യയും രണ്ടു മക്കളുമുണ്ട്.

Leave a Reply