മനോരമയെ കഴുത്തിനു കുത്തി കൊലപ്പെടുത്തി, കാലില്‍ ഇഷ്‌ടിക കെട്ടി കിണറ്റില്‍ത്തള്ളി , കുറ്റം സമ്മതിച്ച്‌ പ്രതി ആദം അലി

0

തിരുവനന്തപുരം: കേശവദാസപുരം രക്ഷാപുരി റോഡില്‍ മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ കുച്ച്‌ ബിഹാര്‍ സ്വദേശി ആദം അലി (21)യെ കേരളത്തിലെത്തിച്ചു.
കൊലപാതകശേഷം ബംഗാളിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ചെന്നൈയില്‍ റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലായിരുന്നു. തുടര്‍ന്ന്‌ ചെന്നൈ സെയ്‌ദാപേട്ട്‌ ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ്‌ വാറന്റ്‌ വാങ്ങിയശേഷം ഇന്നലെ രാവിലെയാണ്‌ തലസ്‌ഥാനത്തെത്തിച്ചത്‌.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കത്തികൊണ്ടു കഴുത്തില്‍ കുത്തിയാണ്‌ ആദം അലി മനോരമയെ കൊലപ്പെടുത്തിയതെന്നു പോലീസ്‌ പറഞ്ഞു. മനോരമയുടെ ഭര്‍ത്താവ്‌ വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍പോയ സമയത്താണ്‌ കൊല നടത്തിയത്‌. വീടിന്റെ പിന്നില്‍വച്ച്‌ കൊല നടത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച്‌ തൊട്ടടുത്തുള്ള സ്‌ഥലത്തെ കിണറ്റില്‍ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ കാലില്‍ ഇഷ്‌ടികയും കെട്ടി. ആദം അലി മനോരമയുടെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പോലീസ്‌ പുറത്തുവിട്ടു.
കഴിഞ്ഞ ഏഴിന്‌ ഉച്ചയ്‌ക്കാണ്‌ മനോരമ കൊല്ലപ്പെട്ടത്‌. മനോരമയുടെ വീടിനടുത്ത്‌ നിര്‍മാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ്‌ ആദം അലി ഉള്‍പ്പെടെ അഞ്ച്‌ ഇതരസംസ്‌ഥാന തൊഴിലാളികള്‍ എത്തിയത്‌. ഒരു മാസത്തോളം മനോരമയുടെ വീട്ടില്‍ വെള്ളമെടുക്കാന്‍ വന്നിരുന്നതിനാല്‍ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു. മോഷണത്തിനായി കൊലപാതകം നടത്തിയെന്നാണ്‌ പ്രാഥമിക വിലയിരുത്തലെന്ന്‌ സിറ്റി പോലീസ്‌ കമ്മിഷണര്‍ ജി. സ്‌പര്‍ജന്‍കുമാര്‍ പറഞ്ഞു. ആദം അലിയുടെ കൂടെയുണ്ടായിരുന്നവര്‍ക്കു കൊലപാതകത്തില്‍ പങ്കുള്ളതിന്‌ തെളിവു ലഭിച്ചിട്ടില്ലെന്നും ഇവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

പ്രതിയെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു; വാദിക്കാനെത്തിയത്‌ ആളൂര്‍
തിരുവനന്തപുരം: കേശവദാസപുരം കൊലപാതകത്തില്‍ പ്രതി ആദം അലിയെ തിരുവനന്തപുരം എ.സി.ജെ.എം. കോടതി പത്തുദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു.
പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ ആണ്‌ ഹാജരായത്‌. ചെന്നൈയില്‍നിന്ന്‌ പിടിയിലായ ആദം അലിയെ ഇന്നലെ ഉച്ചയോടെയാണ്‌ തിരുവനന്തപുരത്തെത്തിച്ചത്‌. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷണത്തിനുവേണ്ടി ഇയാള്‍ മനോരമയെ കൊലപ്പെടുത്തിയെന്നാണ്‌ പോലീസ്‌ ഭാഷ്യം. മനോരമയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന്‌ നഷ്‌ടപ്പെട്ടെന്ന്‌ കരുതിയ പണം ഇവിടെത്തന്നെ ഉണ്ടായിരുന്നു. മോഷ്‌ടിച്ച സ്വര്‍ണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here