ഒരേ മണ്ഡലത്തില്‍നിന്ന്‌ ഏറ്റവും കൂടതല്‍ കാലം എം.എല്‍.എ. ആകുകയും മുഖ്യമന്ത്രിയാകുകയും ചെയ്‌ത രാജ്യത്തെ ആദ്യ ജനപ്രതിനിധിയെന്ന നേട്ടം ഇനി ഉമ്മന്‍ ചാണ്ടിക്കു സ്വന്തം

0

കോട്ടയം : ഒരേ മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി വിജയിച്ച്‌ ഏറ്റവും കൂടുതല്‍ നിമസഭാ സാമാജികനായിരുന്ന കെ.എം. മാണിയെ മറികടന്ന ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത്‌ ദേശീയ റെക്കോഡ്‌.
ചൊവ്വാഴ്‌ച 51 വര്‍ഷവും മൂന്നേകാല്‍ മാസവുമാണ്‌ ഉമ്മന്‍ ചാണ്ടി പൂര്‍ത്തിയാക്കിയത്‌-18,728 ദിവസം. ദിവസക്കണക്കില്‍ ഇനി ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി കരുണാനിധി മാത്രമാണ്‌. എന്നാല്‍, കരുണാനിധി മണ്ഡലം മാറി മത്സരിച്ചാണ്‌ വിജയിച്ചത്‌്. ഒരേ മണ്ഡലത്തില്‍നിന്ന്‌ ഏറ്റവും കൂടതല്‍ കാലം എം.എല്‍.എ. ആകുകയും മുഖ്യമന്ത്രിയാകുകയും ചെയ്‌ത രാജ്യത്തെ ആദ്യ ജനപ്രതിനിധിയെന്ന നേട്ടം ഇനി ഉമ്മന്‍ ചാണ്ടിക്കു സ്വന്തം.
കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ചത്‌ ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും മാത്രമാണ്‌. രണ്ടു തവണ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി 2,459 ദിവസം മുഖ്യമന്ത്രിയായിരുന്നു. ഇക്കാര്യത്തില്‍ നാലാം സ്‌ഥാനത്താണ്‌ അദ്ദേഹം. ഇ.കെ. നായനാര്‍ (4,009 ദിവസം), കെ. കരുണാകരന്‍ (3,246), സി. അച്യുതമേനോന്‍ (2,640) എന്നിവരാണ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ മുന്നിലുളളത്‌. മുഖ്യമന്ത്രിയായിരിക്കേ ഏറ്റവും കൂടുതല്‍ യാത്ര ചെയ്‌തതിനുള്ള അവാര്‍ഡും ഉമ്മന്‍ ചാണ്ടിയുടെ പേരിലുണ്ട്‌. മുഖ്യമന്ത്രിയായിരിക്കേ ട്രെയിനില്‍ ലോക്കല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്‌തതും വാര്‍ത്തയായി.
ഒന്നാം കരുണാകരന്‍ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977-1978) ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രിയായിരുന്നു. ഈ കാലത്താണ്‌ രാജ്യത്താദ്യമായി തൊഴിലില്ലായ്‌മാ വേതനം ഏര്‍പ്പെടുത്തിയത്‌. രണ്ടാം കരുണാകരന്‍ മന്ത്രിസഭയില്‍ (1981-1982) ആഭ്യന്തര മന്ത്രി. ഈ കാലത്താണ്‌ കേരളത്തിലെ പോലീസുകാരുടെ നിക്കര്‍ മാറ്റി പാന്റ്‌ യൂണിഫോം അനുവദിച്ചത്‌. പ്രീഡിഗ്രി വിദ്യാഭ്യാസം സര്‍ക്കാര്‍ ചെലവിലാക്കിയതും ചെലവ്‌ കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസ്‌ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയാണ്‌. കൊച്ചി മെട്രോ സര്‍വീസ്‌ ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പ്രയത്‌നമാണ്‌.
2006 ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 35-മത്‌ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തും ചരിത്രമായി. ആദ്യമായാണ്‌ ഒരു കേരള മുഖ്യമന്ത്രി ഇതില്‍ സംബന്ധിക്കുന്നത്‌.
ജനസമ്പര്‍ക്ക പരിപാടിയുടെ പേരിലാണ്‌ ഉമ്മന്‍ ചാണ്ടിയുടെ മറ്റൊരു റെക്കോഡ്‌. 2004-ലാണ്‌ ജനസമ്പര്‍ക്കം എന്ന ഒരു പരാതി പരിഹാര മാര്‍ഗം ഉമ്മന്‍ ചാണ്ടി നടപ്പില്‍ വരുത്തിയത്‌. മുപ്പത്‌ ലക്ഷത്തോളം പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ്‌ കണക്ക്‌. ഇതിന്റെ പേരില്‍ പൊതുപ്രവര്‍ത്തനത്തിനായുളള രാജ്യാന്തര യു.എന്‍ അവാര്‍ഡും ഉമ്മന്‍ ചാണ്ടിയെ തേടിയെത്തി. കാനറാ ബാങ്ക്‌ ഉദ്യോഗസ്‌ഥയായിരുന്ന മറിയാമ്മയാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരാണു മക്കള്‍.

Leave a Reply