കുമരകത്ത് തോടുകളിൽ പോള കയറിയതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുന്നു

0

കുമരകത്ത് തോടുകളിൽ പോള കയറിയതോടെ നാട്ടുകാർ ദുരിതത്തിൽ. വിനോദ സഞ്ചാര മേഖലയ്ക്ക് പോള തിരിച്ചടിയാകുന്നു. പടിഞ്ഞാറൻ കാറ്റിൽ തോട്ടിലേക്കു കയറുന്ന പോളയാണു വിനോദ സഞ്ചാര മേഖലയ്ക്കും കായൽ തൊഴിലാളികൾക്കും ഭീഷണിയായിരിക്കുന്നത്. രാവിലെ പണിക്കു പോകുമ്പോൾ പോള കാണില്ല. എന്നാൽ പണി കഴിഞ്ഞു തിരികെ വരുമ്പോൾ തോട്ടിലേക്കു കയറാൻ കഴിയാത്ത വിധം കിലോമീറ്ററുകൾ നീളത്തിൽ പോളക്കൂട്ടമാണ്. ഇതിനെ മറികടന്ന കരയ്ക്ക് എത്താൻ തൊഴിലാളികൾക്ക് കഴിയാതെ വരുന്നു. ബോട്ട് ജെട്ടി തോട്ടിൽ പോള നിറഞ്ഞതോടെ ഇവിടേക്കു വരുന്ന വള്ളക്കാർ ഏറെ കഷ്ടപ്പെട്ടാണു വള്ളം കരയ്ക്ക് അടുപ്പിച്ചത്.

വിനോദ സഞ്ചാരികളുമായി പോകുന്ന ജലവാഹനങ്ങളും പോളയിൽ കുടുങ്ങിക്കിടക്കുന്ന സംഭവ ഉണ്ടാകുന്നു. പോളമൂലം കായലിലേക്ക് ഇറങ്ങാൻ കഴിയാതെ ബോട്ടുകൾ പലപ്പോഴും തിരികെ പോകേണ്ടി വരുന്നു. പോളയിൽ കുടുങ്ങി ബോട്ടിന്റെ പ്രൊപ്പല്ലർ തകരാറിലായി പോളക്കൂട്ടത്തിൽ കിടക്കുന്ന അവസ്ഥയുണ്ടാകുന്നു. പോള കയറാതിരിക്കാൻ പഞ്ചായത്ത് കായൽ ഭാഗത്ത് തൂണുകൾ നാട്ടി അതിൽ മുളയും കമുകിൻ തടികളും തടസ്സം വച്ചിരുന്നു. ഇവയെ എല്ലാം തകർത്ത് പോള തോട്ടിലേക്കു കയറി.

LEAVE A REPLY

Please enter your comment!
Please enter your name here