ശബരിമല ശ്രീകോവിലിലെ ചോർച്ചയ്ക്ക് കാരണം ആണികൾ ദ്രവിച്ചത്; ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും; പരിഹാര നടപടികൾ ഉടൻ

0

പത്തനംതിട്ട: ശബരിമലയിലെ ശ്രീകോവിലിൽ ഉണ്ടായ ചോർച്ചയ്ക്ക് കാരണം സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച സ്വര്‍ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചതെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ ഈ മാസം 22 ന് തുടങ്ങും. ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കും.

ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്. വാസ്തു വിദഗ്ധനും ദേവസ്വം ബോര്‍ഡിലെ റിട്ട. മൂത്താശാരിയുമായ പാലാ സ്വദേശി എം കെ രാജു, ശില്‍പി പഴനി ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

തന്ത്രി കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, സ്‌പെഷല്‍ കമ്മിഷണര്‍ (ജില്ലാ ജഡ്ജി) എം മനോജ്, ദേവസ്വം കമ്മിഷനര്‍ ബി എസ് പ്രകാശ്, തിരുവാഭരണം കമ്മിഷണര്‍ ജി ബൈജു, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ എച്ച് കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്പി സുബ്രഹ്മണ്യന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍ അജിത്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന.

മേൽക്കൂരയുടെ കഴുക്കോലിനു മുകളിൽ തേക്ക് പലക ഉറപ്പിച്ച് ചെമ്പുപാളി അടിച്ചതിനു ശേഷമാണു സ്വർണം പൊതിഞ്ഞിട്ടുള്ളത്. സ്വർണപ്പാളിക്ക് ഇടയിലൂടെ വെള്ളം ഇറങ്ങാതിരിക്കാൻ ഒട്ടിച്ച സിലിക്കയും പലഭാഗത്തും ഇളകിയിട്ടുണ്ട്. കഴുക്കോലിലൂടെ വെള്ളം ഒലിച്ചു വരുന്നതിനാൽ പലകയിലേക്കു വെള്ളം ഇറങ്ങുന്നുണ്ട്.
ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിനെ സമീപിച്ചത്. സ്വർണപാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുൻപ് തിരുവാഭരണ കമ്മീഷണർ ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here