മട്ടന്നൂരിൽ പ്രതാപം നഷ്ടപ്പെട്ട് എൽ.ഡി.എഫ്; സി.പി.എം കോട്ടകൾ പിടിച്ചടക്കി യുഡിഎഫ്; ഇ പി ജയരാജന്റെയും കെ കെ ശൈലജയുടെയും വർഡിലും തിരിച്ചടി

0

മട്ടന്നൂർ: കണ്ണൂർ ജില്ലയിലാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ളത്. ഇന്ന് വന്ന മട്ടന്നൂർ ന​ഗരസഭാ തിരെഞ്ഞടുപ്പ് ഫലം ഈ പകിട്ടിന് മങ്ങലേൽപ്പിക്കുന്നതാണ്. കാൽ നൂറ്റാണ്ടായി തുടരുന്ന ഭരണം മട്ടന്നൂരിൽ ഇടതുമുന്നണി നിലനിർത്തിയെങ്കിലും യുഡിഎഫ് പിടിച്ചെ‌ടുത്തതെല്ലാം എൽഡിഎഫ് കോട്ടകളാണ്. അതിലൂടെ വെറും 7 സീറ്റ് മാത്രം ഉണ്ടായിരുന്ന യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തു. ശക്തി കേന്ദ്രങ്ങളായ മരുതായിയും മേറ്റടിയും ഇല്ലംഭാഗവും സിപിഎമ്മിന് നഷ്ടപ്പെട്ടു. യുഡിഎഫിന്റെ കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാനായത് മാത്രമാണ് എൽഡിഎഫിന്റെ നേട്ടം.

2012 ൽ 14 സീറ്റുകൾ ഉണ്ടായിരുന്ന യുഡിഎഫിനെ 2017ൽ നിലംപരിശാക്കിയാണ് മട്ടന്നൂരിൽ ഇടതു മുന്നണി വൻ വിജയം നേടിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട സീറ്റുകളെല്ലാം യുഡിഎഫ് തിരിച്ചു പിടിച്ചു. ഭരണം നിലനിർത്തിയതോടെ സിപിഎമ്മിലെ എൻ.ഷാജിത്ത് നഗരസഭ ചെയർമാനാകാനാണ് സാധ്യത. നെല്ലൂന്നി വാർഡിൽ നിന്നാണ് ഷാജിത് വിജയിച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഎമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. നഗരസഭാ ചെയ‍ർമാൻ സ്ഥാനാർത്ഥിയടക്കം പുതമുഖമായത് ഈ തർക്കത്തെ തുടർന്നാണ്. പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കൾ ഇരുപക്ഷമായി നിന്നത് ചേരിതിരിവ് രൂക്ഷമാക്കി. അഞ്ചാം തവണയും വിജയിച്ച് ഭരിച്ച എൽഡിഎഫിനെതിരെ രൂക്ഷമായ ഭരണവിരുദ്ധവികാരവുമുണ്ടായിരുന്നു. നഗരസഭാ അധ്യക്ഷയ്ക്കെതിരെ പാർട്ടിക്കകത്ത് തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

പാർട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോർച്ച നടപടിയിലേക്ക് നീങ്ങാനിടയുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മടന്നൂരുകാരനാണ്. ഫ‍ർസീനെതിരെ സർക്കാ‍ർ നടത്തിയ നീക്കങ്ങളോടുള്ള മട്ടന്നൂരുകാരുടെ എതിർപ്പായി യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താം. വെറും 4 സീറ്റകലെയായിരുന്നു ഭരണമെന്ന് തിരിച്ചറിയുമ്പോൾ ഒന്നുകൂടി ഒത്തു പിടിക്കാമായിരുന്നുവെന്ന തോന്നലും അവ‍ർക്കുണ്ട്.

Leave a Reply