സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം; സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം

0

ന്യൂഡൽഹി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നു സംസ്ഥാനങ്ങൾക്കു കേന്ദ്ര സർക്കാരിന്റെ നിർദേശം. രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നിർദേശം. ജനങ്ങൾ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണമെന്നും കേന്ദ്രം നിർദേശം നൽകി.

സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ചു വിപുലമായ പരിപാടികൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഒരുക്കിയിട്ടുള്ള സാഹചര്യത്തിലാണു കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നു കേന്ദ്രം അറിയിച്ചത്. ഇതിനിടെ, പല സംസ്ഥാനങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകൾ വീണ്ടും നടപ്പാക്കിത്തുടങ്ങി.

ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴയീടാക്കാനാണു തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിൽ 16,561 പേർക്കാണു കോവിഡ് ബാധിച്ചത്. 5.44 ശതമാനമാണു പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിലും മുംബൈയിലുമാണു കേസുകൾ കൂടുതൽ. വ്യാഴാഴ്ച ഡൽഹിയിൽ‌ 2,726 പേർക്കാണു കോവിഡ് ബാധിച്ചത്. ഏഴു മാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്.

Leave a Reply