കെ.ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശം രാജ്യദ്രോഹം, കേസെടുക്കണം: കെ.സുരേന്ദ്രന്‍

0

തിരുവനന്തപുരം: കെ.ടി ജലീല്‍ എം.എല്‍.എ കശ്മിരിനെ കുറിച്ച് നടത്തിയ പരാമര്‍ശം രാജദ്രോഹമാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് കേരളത്തിലെ സര്‍ക്കാരും ജലീലിന്റെ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതുകൊണ്ടാണ്. പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന കശ്മീരിന്റെ ഒരു ഭാഗത്തെ പാകിസ്താന്‍ വിശേഷിപ്പിക്കുന്ന ആസാദ് കശ്മീര്‍ എന്നാണ് ജലീല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. ജമ്മു കശ്മീരിനെ കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്യുന്ന സമീപനമാണ് കെ.ടി ജലീലിന്റെതെന്ന് സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പത്ര സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ജമ്മു കശ്മീരിനെ സംബന്ധിച്ച നമ്മുടെ രാജ്യത്തിന്റെ നിലപാടിനെയും പരമാധികാരത്തേയുമാണ് ജലീല്‍ ചോദ്യം ചെയ്തിരിക്കുന്നത്. സൈന്യത്തേയും ജലീല്‍ അപമാനിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ജമ്മു കശ്മീര്‍ സ്വദേശികളോട് മാന്യമായി പെരുമാറിയിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇത് വിനാശകരമായ രാജ്യദ്രോഹകുറ്റമാണ്. അതിനെ ന്യായീകരിക്കാന്‍ ആര്‍ക്കും കഴിയില്ല.

ജലീലിനെതിരെ രാജ്യദോഹ കുറ്റം ചുമത്തി നിയമ നടപടി സ്വീകരിക്കണം. എം.എല്‍.എ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെടാന്‍ സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും തയ്യാറാകണം. ജലീല്‍ പറഞ്ഞതിനോട് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമുള്ള അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം നടക്കുന്ന ഈ സമയത്ത് ജലീല്‍ മനഃപൂര്‍വ്വം കശമീരില്‍ പോയി ഇത്തരമൊരു പരാമര്‍ശം നടത്തിയതാണോ എന്ന് സംശയമുണ്ട്. പ്രസ്താവന തിരുത്താന്‍ ജലീല്‍ തയ്യാറായില്ലെന്ന് മാത്രമല്ല, പുതിയ ന്യായീകരണങ്ങളുമായി രംഗത്തുവരികയാണ് ചെയ്യുന്നത്. ജലീലിനെതിരെ കേസെടുക്കാന്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ജലീലിനെ നിയമസഭാംഗത്വത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും. കേരളത്തില്‍ തീവ്രവാദ ശക്തികള്‍ അതിവേഗം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പാക് അനുകൂല തീവ്രവാദികള്‍ അവരുടെ വിഹാര കേന്ദ്രമായി കേരളത്തെ മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു മുന്‍ മന്ത്രിയും എംഎല്‍എയുമായ ഒരാള്‍ ഇത്തരമൊരു പ്രസ്താവന ഇറക്കുന്നത്. അത് യദൃശ്ചികമല്ല, നാക്കുപിഴയുമല്ല. അദ്ദേഹം ഫെസയ്ബുക്കില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയതാണ്. അതിനെ അതിന്റെ ഗൗരവത്തില്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

മൂന്‍പും ഇന്ത്യ വിരുദ്ധമായ സമീപനം ജലീല്‍ സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം നിരോധിത സംഘടനയായ സിമിയുടെ ഒരു പ്രവര്‍ത്തകനായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിമി നിരോധിക്കപ്പെട്ട ശേഷം മാത്രമാണ് അദ്ദേഹം പരസ്യമായി സിമിയുമായുള്ള ബന്ധം ഉപേക്ഷിച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നതും പിന്നീട് സിപിഎമ്മില്‍ എത്തിയതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ വര്‍ഗീയ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജലീല്‍ പ്രസ്താവന പിന്‍വലിച്ച് രാജ്യത്തോട് മാപ്പ് പറയണം. ക്രിമിനല്‍ കേസെടുക്കണം. നിയമസഭാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ സ്പീക്കര്‍ തയ്യാറാകണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here