ശമ്പളം മുടങ്ങിയതിന് പിന്നാലെ ശുചിമുറിയിൽ പോകാൻ വെള്ളം പോലുമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ; തമ്പാനൂരിലെ കെടിഡിഎഫ്സി ടെർമിനലിൽ വലയുന്നത് ആയിരക്കണക്കിന് യാത്രക്കാരും

0

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിന് പിന്നാലെ ശുചിമുറിയിൽ പോകാൻ വെള്ളം പോലുമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ. തിരുവനന്തപുരം തമ്പാനൂർ കെടിഡിഎഫ്സി ബസ് ടെർമിനലിൽ ഒരാഴ്ച്ചയായി ജലക്ഷാമമാണ്. ഇതുമൂലം ബുദ്ധിമുട്ടുന്നത് 800ൽ പരം ജീവനക്കാരും ആയിരക്കണക്കിന് വരുന്ന യാത്രക്കാരുമാണ്. ടെർമിനലിലെ പേ ആൻഡ് യൂസ് ടോയ്ലറ്റിൽ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് പല സമയത്തും.

പകരം സംവിധാനം എർപ്പെടുത്താനോ തകരാർ പരിഹരിക്കാനോ കെടിഡിഎഫ്സി താൽപര്യം കാണിക്കാത്തത് മൂലം ഷോപ്പിംഗ് കോപ്ലക്സിലെ ടോയിലറ്റുകൾ ദുരിതപൂർണ്ണമാണ്. കരാർ എറ്റെടുത്തവർ അടച്ചിടുമെന്ന് അറിയിച്ചതിനെ തുടർന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ യൂണിയനുകൾ സെൻട്രൽ യൂണിറ്റ് ആഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. ശമ്പളവും വെളളമില്ലാതെ ജോലിക്ക് വരാൻ കഴിയില്ലന്നും ലീവ് അനുവദിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ കരാർ എടുത്തവരും കെടിഡിഎഫ്സിയിലെ ചില ഉന്നതരുമായുള്ള തർക്കമാണ് പ്രശ്നമെന്ന് മറ്റു കച്ചവടക്കാർ പറയുന്നു. കെടിഡിഎഫ്സിയിലെ ചിലർക്ക് താൽപര്യമുള്ളവരെ വെട്ടിയാണ് ഇപ്പോൾ കരാർ എടുത്തവർ ലേലം പിടിച്ചത്. അവരെ പുകച്ച് പുറത്ത് ചാടിക്കുന്നതിനാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നാണ് സംസാരം.

അതേസമയം, വെള്ളത്തിന് ദൗർലഭ്യം ഉണ്ട് എന്നത് സത്യമാണെങ്കിലും വലിയ പ്രതിസന്ധി തമ്പാനൂർ ബസ് ടെർമിനലിൽ ഇല്ലെന്നാണ് കെടിഡിഎഫ്സിയുടെ നിലപാട്. വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നതിന്റെ അളവ് കുറഞ്ഞതും, കൂടുതൽ ലോഡ്ജുകളും ഡോർമിറ്ററികളും ടെർമിനലിൽ പ്രവർത്തനം ആരംഭിച്ചതുമാണ് പ്രശ്നത്തിന് കാരണമെന്ന് ടെർമിനലിന്റെ ചുമതലയുള്ള കെടിഡിഎഫ്സി എഞ്ചിനീയർ രാമചന്ദ്രൻ മീഡിയ മം​ഗളത്തോട് പറഞ്ഞു.

വാട്ടർ അതോറിറ്റിയിൽ നിന്നും മുമ്പ് 140 കിലോലിറ്റർ വെള്ളം ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 90 കിലോലിറ്റർ വെള്ളം മാത്രമാണ് ലഭിക്കുന്നത് എന്നാണ് കെടിഡിഎഫ്സി പറയുന്നത്. ഇതിന് പുറമേ അറുപതോളം പുതിയ ടോയ്ലറ്റുകളും ടെർമിനലിൽ പ്രവർത്തനം ആരംഭിച്ചു. ഇതുമൂലമാണ് വെള്ളത്തിന് ചില സമയങ്ങളിൽ ക്ഷാമം അനുഭവപ്പെടുന്നത് എന്നാണ് കെടിഡിഎഫ്സിയുടെ നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here