ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി

0

കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി. 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷക വി.ടി. കവിതയുടെ പരാതിയിലാണ് പ്രസിഡന്റ് ഡി.ബി. ബിനു അധ്യക്ഷനായ കമ്മിഷന്റെ ഉത്തരവ്. വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഇടപ്പള്ളിയിലെ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെയാണ് നടപടി. 2016-ലായിരുന്നു സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോൾ കുടിവെള്ളം നിഷേധിച്ചെന്നായിരുന്നു പരാതി. ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവിന് ചുമയുണ്ടായെന്നും അപ്പോൾ വെള്ളം ചോദിച്ചപ്പോൾ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

കുടിവെള്ളം ടേബിളിൽ നൽകുന്ന രീതി തങ്ങൾക്കില്ലെന്നും ആവശ്യമെങ്കിൽ കൗണ്ടറിൽനിന്ന് വാങ്ങുകയാണ് വേണ്ടതെന്നുമായിരുന്നു കെ.എഫ്.സി.യുടെ വിശദീകരണം. കുപ്പിവെള്ളം ലഭ്യമാണെന്നും അറിയിച്ചു.

എന്നാൽ, സൗജന്യമായി കുടിവെള്ളം നൽകാതെ കുപ്പിവെള്ളം വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കുകയാണ് ചെയ്തതെന്നും അത് നീതിയുക്തമല്ലാത്ത കച്ചവടമാണെന്നും വിലയിരുത്തിയാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.

കുടിവെള്ളം എന്നത് അടിസ്ഥാന ആവശ്യമാണെന്ന് ദേശീയ ഉപഭോക്തൃ കമ്മിഷൻ നേരത്തേ ഉത്തരവിട്ടിട്ടുള്ളതാണ്. കെ.എഫ്.സി. എതിർ കക്ഷിയായ കേസിൽ സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്ന് ദേശീയ കമ്മിഷൻ നേരത്തേ ഉത്തരവിട്ടിട്ടുള്ളതും കമ്മിഷൻ കണക്കിലെടുത്തു.

Leave a Reply