കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പുരോഗതി അറിയിക്കാൻ സർക്കാരിനോട് കോടതി

0

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ  ക്രൈംബ്രാഞ്ച് അന്വേഷണം എവിടെ വരെയെത്തി എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നല്‍കി. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള  ഹർജിയിലാണ്  ഹൈക്കോടതിയുടെ നടപടി. അന്വേഷണം തുടങ്ങി എട്ട് മാസമായെന്നും തട്ടിയ പണം എവിടെപോയെന്നതിന് ഒരു തെളിവും ലഭിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. 
കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള ഹർജി ഹൈക്കോടതി മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പരിഗണിച്ചത്. കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാരനും തൃശ്ശൂർ സ്വദേശിയുമായ എംവി സുരേഷാണ്  കോടതിയെ സമീപിച്ചത്. 104 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് സിപിഎം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സിബിഐ കേസ് അന്വേഷിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. കഴിഞ്ഞ വർഷം ജൂലൈ 21 ന് എം വി സുരേഷ്  നൽകിയ ഹർജിയിൽ സർക്കാരും ബാങ്കും സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാ‌ഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് സർക്കാർ വാദം. നിക്ഷേപർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാറിന്‍റെ മറുപടി ലഭിക്കാനായി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി. 

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പാര്‍ട്ടി നടപടി നേരിട്ടവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന നിലപാടിലാണ് സി പി എം ജില്ലാ നേതൃത്വം. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രൻ തട്ടിപ്പുകള്‍ അറിഞ്ഞിട്ടും പാര്‍ട്ടിയെ അറിയിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറഞ്ഞു. മുന്‍മന്ത്രി എ.സി മൊയ്തീന്‍റെയും മുന്‍ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രന്‍റെയും ശുപാര്‍ശയിൽ അനര്‍ഹര്‍ക്കു പോലും കരുവന്നൂരിൽ വായ്പ നൽകിയെന്ന് ഒന്നാം പ്രതി സുനിൽ കുമാറിന്‍റെ അച്ഛന്‍റെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാര്‍ട്ടി നടപടി നേരിട്ടവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന് ആവർത്തിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. നടപടി നേരിട്ടവര്‍പോലും 300 കോടിയിലധികം രൂപയുടെ വമ്പൻ തട്ടിപ്പിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും പാര്‍ട്ടി വാദിക്കുന്നു. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയത് മുന്‍ബാങ്ക് സെക്രട്ടറി സുനിൽകുമാറെന്ന വാദിക്കുകയാണ് സി കെ ചന്ദ്രൻ. സുനിലിനെ വിശ്വസിച്ചത് മാത്രമാണ് തന്‍റെ തെറ്റെന്നാണ് ചന്ദ്രൻ പറയുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here