ഇന്ത്യയുടെ 49 -ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു. ലളിതിന്റെ പേര് ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റീസ് എൻ.വി. രമണ

0

ന്യൂഡൽഹി: ഇന്ത്യയുടെ 49 -ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു. ലളിതിന്റെ പേര് ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റീസ് എൻ.വി. രമണ. ഈ മാസം 26ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ വിരമിക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിന് കത്തെഴുതിയത്.

അദ്ദേഹത്തിന്റെ പിൻഗാമിയുടെ പേര് നിർദ്ദേശിക്കാനായി കേന്ദ്ര നിയമ നീതി മന്ത്രി കിരൺ റിജിജു ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജിയാണ് ജസ്റ്റീസ് ഉദയ് ഉമേഷ് ലളിത് എന്ന യു.യു. ലളിത്. എന്നാൽ മൂന്ന് മാസത്തിൽ താഴെ മാത്രമായിരിക്കും അദ്ദേഹത്തിന് ഈ പദവിയിലിരിക്കാൻ സാധിക്കുക.

ഈ വർഷം നവംബർ എട്ടിന് ജസ്റ്റിസ് യു.യു. ലളിത് വിരമിക്കും. 1957 നവംബർ ഒമ്പതിന് ജനിച്ച ഇദ്ദേഹം 1983 ജൂണിലാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം തന്റെ അഭിഭാഷകവൃത്തി ആരംഭിച്ചത്.

. ജസ്റ്റിസ് യു യു ലളിതിനെ ചീഫ് ജസ്റ്റിസായി നിയമിച്ചാൽ, അഭിഭാഷകവൃത്തിയിൽ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാകും.

1971 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എം സിക്രിയാണ് ആദ്യത്തെയാൾ. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. 2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്പ് സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു. ജസ്റ്റിസ് ലളിതിന്റെ പിതാവ് ജസ്റ്റിസ് യു ആർ ലളിത് മുതിർന്ന അഭിഭാഷകനും ഡൽഹി ഹൈക്കോടതി ജഡ്ജിയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here